ആലപ്പുഴ: നേപ്പാളിൽനിന്ന് അച്ഛനെ കാണാൻ എത്തിയതാണ് കൃഷ്ണ ബഹദൂർ ഗർത്തി. ലോക്ക് ഡൗണിൽപ്പെട്ട് ആലപ്പുഴ പാണാവള്ളി ഗവ. സ്കൂളിലെ വിദ്യാർത്ഥിയായി. കുട്ടിക്കഥകളും കുട്ടിപ്പാട്ടുകളുമായി മലയാളം പഠിക്കുകയാണിപ്പോൾ. യോദ്ധ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ 'അക്കോഷോട്ടോ' റിംപോച്ചയെ ഓർമ്മ വരും ഈ ഒമ്പതുവയസുകാരനെ കണ്ടാൽ.
പന്തൽ പണിക്കാരനായ പ്രകാശ് ബഹദൂർ ഗർത്തിയെ കാണാൻ കഴിഞ്ഞ ജനുവരിയിലാണ് കൃഷ്ണയും അമ്മ പുഷ്പ ബഹദൂറും പാണാവള്ളിയിൽ എത്തിയത്. തിരിച്ചുപോക്ക് നടക്കാതായതോടെ കൃഷ്ണയെ എങ്ങനെ പഠിപ്പിക്കും എന്ന ചിന്തയിലായി മാതാപിതാക്കൾ. ഒടുവിൽ പാണാവള്ളിയിലെ ഓടമ്പള്ളി സ്കൂൾ ഹെഡ് മാസ്റ്റർ എൻ.സി. വിജയകുമാറിന്റെ മുന്നിലെത്തി വേവലാതി അറിയിച്ചു.
നാലാം ക്ലാസ് വിദ്യാർത്ഥിക്കുവേണ്ട ബുദ്ധിവികാസം കൃഷ്ണയ്ക്കുണ്ടോ എന്നറിയാൻ കണക്കിനും ഭാഷകൾക്കും എഴുത്തുപരീക്ഷ നടത്തി. ഇംഗ്ലീഷിലും ഹിന്ദിയിലും കണക്കിലും മിടുമിടുക്കനെന്ന് തെളിഞ്ഞു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോഴും മലയാളം അറിയാത്ത കൃഷ്ണയ്ക്ക് പ്രത്യേക പരിഗണന നൽകി. ആദ്യ ദിവസങ്ങളിൽ ക്ലാസ് ടീച്ചർ ശാരീ ശശീന്ദ്രൻ ലാപ്ടോപ്പുമായി കൃഷ്ണ താമസിക്കുന്ന വീട്ടിലെത്തി ക്ലാസെടുത്തു. ഹിന്ദി അദ്ധ്യാപിക മായാദേവിയും ഒപ്പം കൂടി. അതിനിടെയാണ് ചേർത്തല താലൂക്ക് കണ്ടെയ്ൻമെന്റ് സോണായത്. അതോടെ ക്ലാസ് വാട്സാപ്പിലൂടെയായി. കൃഷ്ണയ്ക്കുവേണ്ടി ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ് റെക്കാഡ് ചെയ്ത് അദ്ധ്യാപകർ അയച്ചുകൊടുക്കും. മലയാളം അക്ഷരങ്ങൾ മനസിലാക്കിവരികയാണ് ഈ 'അക്കോഷോട്ടോ.
ജനനവും കേരളത്തിൽ
നേപ്പാളിലെ ബിൻഗ്രിയിൽ നിന്ന് വർഷങ്ങൾക്കുമുമ്പാണ് പ്രകാശ് ഗർത്തി ആലുവയിലെത്തിയത്. വിവാഹത്തോടെ പുഷ്പയും ഇവിടെ താമസമായി. കൃഷ്ണ പിറന്നതോടെ അവനെയുംകൂട്ടി പുഷ്പ നേപ്പാളിലേക്ക് മടങ്ങി. ആറ് മാസം മുമ്പാണ് പ്രകാശ് ആലുവയിൽ നിന്ന് ഓടമ്പള്ളിയിലെത്തിയത്. പുഷ്പയും കൃഷ്ണയും എത്തിയതോടെ വീട് വാടകയ്ക്കെടുത്തു. ഈ വർഷം മകന്റെ പഠനം കേരളത്തിൽ തന്നെയെന്ന് തീരുമാനിച്ചിരിക്കുകയാണ്.
''മിടുമിടുക്കനാണ് കൃഷ്ണ ഗർത്തി. ചിത്രരചനയടക്കം കലാപരമായ കഴിവുകളും ഉണ്ട്.
- എൻ.സി.വിജയകുമാർ, ഹെഡ് മാസ്റ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |