തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഭീതി പടർത്തി രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നതിനിടെ, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്ര മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. കേന്ദ്ര ജല കമ്മിഷൻ സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം മുന്നൊരുക്കം തുടങ്ങി.
മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വടക്കോട്ട് കാസർകോട് വരെ എട്ടു ജില്ലകളിൽ ഒാറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിലും ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. ക്വാറന്റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് മൂലം കൂടുതൽ അപകടസാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളായി ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.
തലക്കാവേരിയിൽ
6 പേരെ കാണാതായി
പ്രദീപ് മാനന്തവാടി
മടിക്കേരി (കുടക്): അതിശക്തമായ ഉരുൾപാെട്ടലിൽ തലക്കാവേരിയിൽ പൂജാരി കുടുംബത്തിലെ ആറു പേരെ കാണാതായി.
തലക്കാവേരിയിലെയും ഭാഗമണ്ഡലയിലെയും പുരാതന ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റീ സ്വാമി ആനന്ദതീർത്ഥ (80), സഹോദരനും ക്ഷേത്രം പൂജാരിയുമായ ടി.എസ്. നാരായണാചാർ (70), പൂജാരിയുടെ ഭാര്യ ശാന്ത നാരായണൻ, ശാന്തയുടെ സഹോദരൻ , ബന്ധുക്കളായ രവികിരൺ ഭട്ട്, പവൻ ഭട്ട് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. മലഞ്ചെരിവിലെ ഇവരുടെ രണ്ട് വീടടക്കം പരിസരമാകെ ഒലിച്ചു പോവുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |