കൊച്ചി: കൊവിഡ് പശ്‌ചാത്തലത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറയ്ക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷ. എന്നാൽ, പലിശഭാരം കുറയ്ക്കാതെ പണലഭ്യത കൂട്ടാനുള്ള നടപടികളാണ് ഇന്നലെ റിസർവ് ബാങ്കെടുത്തത്. 2019 ഫെബ്രുവരി മുതൽ ഇതുവരെ 2.50 ശതമാനവും ഈവർഷം മാർച്ചിലും മേയിലുമായി 1.15 ശതമാനവും കുറവ് റിപ്പോ നിരക്കിൽ വരുത്തിയിരുന്നു.
പുറമേ, പ്രധാനമന്ത്രിയുടെ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി 8.01 ലക്ഷം കോടി രൂപയുടെ ഉത്തേജക നടപടികളും പ്രഖ്യാപിച്ചു. ഇതു പരിഗണിച്ചാണ്, നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) ഇന്നലെ ഐകകണ്ഠേന തീരുമാനിച്ചത്.
കൊവിഡ് പശ്‌ചാത്തലത്തിൽ സാമ്പത്തിക ആവശ്യം നിറവേറ്റാനായി സ്വർണപ്പണയത്തെ ആശ്രയിക്കുന്നവർക്ക്, ലോൺ ടു വാല്യൂ (എൽ.ടി.വി) തുക വർദ്ധിപ്പിച്ച റിസർവ് ബാങ്കിന്റെ നടപടി നേട്ടമാകും. നിലവിലെ ചട്ടപ്രകാരം കാർഷികേതര ആവശ്യത്തിന് ഈടുവയ്ക്കുന്ന സ്വർണത്തിന്റെ വിപണി വിലയുടെ 75 ശതമാനം വരെ തുകയാണ് വായ്‌പ ലഭിക്കുക. ഇത്, 90 ശതമാനം വരെയായി ഉയർത്തി. 2021 മാർച്ച് 31 വരെ നൽകുന്ന വായ്‌പകൾക്കാണ് ബാധകം. നിലവിൽ, സ്വർണവില റെക്കാഡ് ഉയരത്തിലാണെന്നതും നേട്ടമാകും.
ചെറുകിട, ഗ്രാമീണ, ഭവന
മേഖലയ്ക്ക് ₹10,000 കോടി
ചെറുകിട, ഗ്രാമീണ, ഭവന നിർമ്മാണ മേഖലയിൽ പണലഭ്യത ഉറപ്പാക്കാൻ നബാർഡ്, നാഷണൽ ഹൗസിംഗ് ബാങ്ക് (എൻ.എച്ച്.ബി) എന്നിവയ്ക്ക് 5,000 കോടി രൂപ വീതം നൽകുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഏപ്രിലിൽ നബാർഡിന് 25,000 കോടി രൂപയും എൻ.എച്ച്.ബിക്ക് 10,000 കോടി രൂപയും അനുവദിച്ചിരുന്നു.
മറ്ര് പ്രധാന പ്രഖ്യാപനങ്ങൾ
മുൻഗണനാ വായ്‌പാ പട്ടികയിൽ സ്‌റ്റാർട്ടപ്പുകളെയും ഉൾപ്പെടുത്തി. റിന്യൂവബിൾ എനർജി മേഖലയ്ക്ക് വായ്‌പാ പരിധിയും കൂട്ടി.
50,000 രൂപ മുതലുള്ള ചെക്ക് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനായി 'പോസിറ്രീവ് പേ" സംവിധാനം കൊണ്ടുവരും.
ധനകാര്യ രംഗത്ത് ഇടപാടുകൾ സഗമമാക്കാനും സുരക്ഷ ഉയർത്താനുമായി നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് സ്ഥാപിക്കും.
നിരക്കുകൾ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
സി.ആർ.ആർ : 3.00%
എസ്.എൽ.ആർ : 18.00%
എം.എസ്.എഫ് : 4.25%
നാണയപ്പെരുപ്പം മേലോട്ട്;
ജി.ഡി.പി താഴേക്ക്
ലോക്ക്ഡൗണിൽ വിതരണശൃംഖലയിൽ തടസമുള്ളതിനാൽ വരും മാസങ്ങളിൽ നാണയപ്പെരുപ്പം ഉയർന്നേക്കാമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഭക്ഷ്യവിലപ്പെരുപ്പം കൂടുന്നതാണ് പ്രധാന ആശങ്ക. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണർവിന്റെ സൂചനകളുണ്ട്. എന്നാൽ, ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പുവർഷം നെഗറ്രീവിലേക്ക് വീഴും.
$53,460 കോടി
നടപ്പുവർഷം ഏപ്രിൽ-ജൂലായിൽ വിദേശ നാണയ ശേഖരം 5,680 കോടി ഡോളർ വർദ്ധനയുമായി റെക്കാഡ് ഉയരമായ 53,460 കോടി ഡോളറിലെത്തി. 13.4 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണിത്.
ഒറ്റക്കെട്ടായി എം.പി.സി
എം.പി.സിയിലെ ആറംഗങ്ങളും (റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മൃദുൽ കെ. സഗ്ഗർ, സ്വതന്ത്ര അംഗങ്ങളായ രവീന്ദ്ര ധൊലാക്കിയ, പാമി ദുവ, ഛേതൻ ഖാട്ടെ) പലിശ നിലനിറുത്താൻ ഇന്നലെ വോട്ട് ചെയ്‌തു. എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി ചുമതലയേറ്റ ഡോ. സഗ്ഗറിന്റെ ആദ്യ യോഗമാണിത്. നിലവിലെ സ്വതന്ത്ര അംഗങ്ങളുടെ കാലാവധി സെപ്‌തംബറിൽ കഴിയുന്നതിനാൽ അവരുടെ അവസാന യോഗവുമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |