കൊച്ചി: തിരിച്ചടവ് മുടങ്ങിയ കോർപ്പറേറ്ര്, വ്യക്തിഗത വായ്‌പകൾക്ക് ഒറ്റത്തവണ പുനഃക്രമീകരണം അനുവദിക്കുമെന്ന് അറിയിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, 2020 മാർച്ച് ഒന്നുപ്രകാരം 'സ്‌റ്റാൻഡേർഡ്" ആയി പരിഗണിച്ചിട്ടുള്ളതും (കിട്ടാക്കടം അഥവാ എൻ.പി.എ ആയവ അർഹമല്ല) 25 കോടി രൂപവരെയുള്ളതുമായ എം.എസ്.എം.ഇ വായ്‌പകളും പുനഃക്രമീകരണത്തിന് അർഹമാണെന്ന് വ്യക്തമാക്കി. അടുത്ത മാർച്ച് 31നകം പുനഃക്രമീകരണം നടത്തണം. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള എം.എസ്.എം.ഇകൾക്കാണിത് ബാധകം.
വ്യക്തിഗത വായ്‌പയിൽ ഭവന, വാഹന, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്‌പ തുടങ്ങിയവയും ക്രെഡിറ്ര് കാർഡ് ബാദ്ധ്യതയും പുനഃക്രമീകരിക്കാനാകും. ഇടപാടുകാരൻ 90 ദിവസത്തിനകം വായ്‌പാത്തിരിച്ചടവ് സംബന്ധിച്ച വിവരങ്ങൾ ബാങ്കിന് കൈമാറണം. ഇക്കാലയളവിൽ വായ്‌പ കിട്ടാക്കടമായി പരിഗണിക്കില്ല.
പ്രതിസന്ധിയിലായ മേഖലകളിലെ വായ്‌പകൾക്ക് ഒറ്റത്തവണ പുനഃക്രമീകരണം അനുവദിക്കാമെന്നും റിസർവ് ബാങ്ക് ഇന്നലെ വ്യക്തമാക്കി. മേഖലകളെയും വായ്‌പകളും കണ്ടെത്തി റിപ്പോർട്ടും നിർദേശങ്ങളും സമർപ്പിക്കാൻ ബ്രിക്‌സ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ മുൻ ചെയർമാൻ കെ.വി. കാമത്ത് അദ്ധ്യക്ഷനായ സമിതിയെയെ നിയോഗിച്ചു.
മോറട്ടോറിയം നീട്ടിയില്ല
വായ്‌പാ പുനഃക്രമീകരണം അനുവദിച്ച റിസർവ് ബാങ്ക് പക്ഷേ, മോറട്ടോറിയത്തെ കുറിച്ച് ഇന്നലെ മൗനം പാലിച്ചു. മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31വരെയുള്ള വായ്‌പാ തിരിച്ചടവുകൾക്കാണ് നേരത്തേ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. ഇത്, ഡിസംബർ വരെ നീട്ടണമെന്നും മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |