പെരുമഴയിൽ കോടികളുടെ നഷ്ടം
ഒറ്റ രാത്രിയിൽ കാറ്റെടുത്തത് 145 വീടുകൾ
450 വൈദ്യുതി തൂണുകൾ തകർന്നു
3 ട്രാൻസ്ഫോർമറുകൾ കത്തി നശിച്ചു
കൊല്ലം: ബുധനാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ പെയ്ത പെരുമഴയിലും ശക്തമായ കാറ്റിലും ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. വീടുകൾ, വൈദ്യുതി തൂണുകൾ, ട്രാൻസ്ഫോർമറുകൾ, കാർഷിക വിളകൾ, കിണറുകൾ തുടങ്ങിയവ നശിച്ചു. ഇന്നലെ വൈകിട്ട് നാല് വരെ കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിൽ ലഭിച്ച കണക്കനുസരിച്ച് ജില്ലയിൽ 143 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. തകർന്ന കന്നുകാലി തൊഴുത്തുകൾ, കിണറുകൾ എന്നിവയുടെ കണക്കെടുപ്പ് ഇനിയും പൂർണമായിട്ടില്ല. കാറ്റിൽ വലിയ മരങ്ങൾ കടപുഴകി വീണാണ് വീടുകളിൽ ഭൂരിഭാഗവും തകർന്നത്. നൂറുകണക്കിന് മരങ്ങളാണ് കിഴക്കൻ വനമേഖലയിൽ ഉൾപ്പെടെ കടപുഴകിയത്. എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃത്യമായി തിട്ടപ്പെടുത്താൻ ദിവസങ്ങളെടുക്കും. വൈദ്യുതി ബന്ധം ഇന്നലെ രാത്രിയിലും പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി തടസപ്പെട്ടതോടെ പല സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ഇന്നലത്തേക്ക് ഉപേക്ഷിച്ചു. ജലവിതരണ പദ്ധതികളിൽ നിന്നുള്ള പമ്പിംഗ് മുടങ്ങിയതോടെ ഭൂരിഭാഗം മേഖലകളിലെയും കുടിവെള്ള വിതരണവും താറുമാറായി.
വീട് തകർന്നത് രാത്രിയിൽ, പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
രാത്രിയിൽ ആളുകൾ ഉറങ്ങുന്നതിനിടെയാണ് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണത്. മേൽക്കൂരയുടെ ഭാഗങ്ങൾ താഴേക്ക് പതിച്ചെങ്കിലും താമസക്കാർ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കുട്ടികൾക്ക് ഉൾപ്പെടെ പലർക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്.
ഓണവിളകൾ കാറ്റെടുത്തു
കാർഷിക മേഖലയിലും വലിയ നഷ്ടമാണ് കാറ്റ് വിതച്ചത്. ഓണത്തിന് വിളവെടുക്കാൻ പാകമായിരുന്ന നേന്ത്ര വാഴകൾ, മരച്ചീനി, പച്ചക്കറികൾ തുടങ്ങി വിവിധ പാടശേഖരങ്ങളിലായി ലക്ഷങ്ങളുടെ നഷ്ടം കർഷകർക്കുണ്ടായി. പാവൽ, പടവലം എന്നിവ ഇട്ടിരുന്ന പന്തൽ പൂർണമായും നിലംപറ്റിയ സ്ഥലങ്ങളുമുണ്ട്.
ഫയർഫോഴ്സിന് റസ്റ്റില്ല
മഴയും കാറ്റും തുടങ്ങി ആദ്യ മണിക്കൂറിൽ ജില്ലയിലെ 11 അഗ്നിരക്ഷാ നിലയങ്ങളിലായി ലഭിച്ചത് 64 ഫോൺ വിളികൾ. എല്ലായിടത്തും ഫയർഫോഴ്സ് ഓടിയെത്തിയാണ് മരച്ചില്ലകൾ മുറിച്ച് നീക്കിയത്.
കെ.എസ്.ഇ.ബിക്ക് അരക്കോടിയുടെ നഷ്ടം
ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് അരക്കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 450 വൈദ്യുതി തൂണുകളാണ് ഒറ്റ രാത്രിയിൽ മരങ്ങൾ വീണ് തകർന്നത്. 945 ഇടങ്ങളിൽ വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് മരങ്ങൾ പതിച്ചു. ഇതിൽ 445 ലോ ടെൻഷൻ ലൈനുകളും 85 ഇലവൺ കെ.വി ലൈനുകളും പൊട്ടിവീണു. ശാസ്‌താംകോട്ട മേഖലയിലാണ് 200 ലൈനുകൾ പൊട്ടിയത്. മൂന്ന് ട്രാൻസ്ഫോർമറുകൾ കത്തി നശിച്ചു. ആറ് ഡബിൾ പോൾ സ്ട്രക്ചറുകൾ പൂർണമായും തകർന്നു. ബുധനാഴ്‌ച രാത്രി മുതൽ ജില്ലയിലെ ജീവനക്കാരും കരാർ തൊഴിലാളികളും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |