പാനൂർ: ക്വാറന്റീനിൽ കഴിയവേ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകനായത് പൊലീസ് ഉദ്യോഗസ്ഥൻ. പാനൂർ പ്രിൻസിപ്പൽ എസ്.ഐ കെ.വി.ഗണേശനാണ് ആത്മഹത്യയ്ക്കു ശ്രമിച്ച മൊകേരി പാത്തിപ്പാലം സ്വദേശിയുടെ രക്ഷകനായത്.
തൂങ്ങിമരിച്ചെന്ന വിവരം ലഭിച്ച് എസ്.ഐയും സംഘവും സ്ഥലത്തെത്തി. തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ നേരിയ ചലനം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെ പ്രഥമശുശ്രൂഷ നൽകുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ എസ്.ഐ ആരോഗ്യപ്രവർത്തകന്റെ റോളിലേക്കു മാറുകയായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ക്വാറന്റീനിൽ കഴിഞ്ഞ യുവാവ് ആത്മഹത്യക്കു ശ്രമിച്ചു.
ജീവൻ രക്ഷിച്ചു പോലീസ്: നേരിയ ചലനം കണ്ട് രക്ഷകനായി പാനൂർ എസ്‌ഐ
ക്വാറന്റീനിൽ കഴിയവേ ആത്മഹത്യയ്ക്കു ശ്രമിച്ച മൊകേരി പാത്തിപ്പാലം സ്വദേശിയുടെ രക്ഷകനായി പാനൂർ പ്രിൻസിപ്പൽ എസ്ഐ കെ.വി.ഗണേശൻ. തൂങ്ങിമരിച്ചെന്ന വിവരം ലഭിച്ച് എസ്ഐ സ്ഥലത്തെത്തി. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ശരീരം. നടപടിക്രമത്തിന്റെ ഭാഗമായി മൊബൈലിൽ ചിത്രം പകർത്തുന്നതിനിടെയാണു വസ്ത്രത്തിൽ നേരിയ ചലനം കണ്ടത്. ജീവൻ ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞു സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെ പ്രഥമശുശ്രൂഷ നൽകുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ എസ്ഐ ആരോഗ്യപ്രവർത്തകന്റെ റോളിലേക്കു മാറി.
പിപിഇ കിറ്റ് വാഹനത്തിലുണ്ടായിരുന്നെങ്കിലും അതെടുക്കാനുള്ള സമയമില്ലായിരുന്നു. നെഞ്ചിൽ കൈപ്പത്തി അമർത്തി സിപിആർ നൽകി. ശ്വാസോച്ഛ്വാസം ഏതാണ്ടു സാധാരണ നിലയിലാകുന്നതുവരെ ഇതു തുടർന്നു. പിന്നീട് പൊലീസ് വാഹനത്തിൽ പാനൂർ സിഎച്ച്സിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി തലശ്ശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്. ഉടൻതന്നെ എസ്ഐയും സംഘത്തിലുണ്ടായിരുന്ന 6 പൊലീസുകാരും സഹായിക്കാനെത്തിയ രണ്ടു നാട്ടുകാരും ക്വാറന്റീനിൽ പ്രവേശിച്ചു.
ഗൾഫിൽനിന്നു നാട്ടിലെത്തിയ പാത്തിപ്പാലം സ്വദേശി വീട്ടിൽ ക്വാറന്റീനിലായിരുന്നു. ഇന്നലെ രാവിലെ 11നു ഭക്ഷണവുമായെത്തിയ മാതാവാണു കഴുത്തിൽ തുണിയുടെ കുരുക്ക് കെട്ടിയ നിലയിൽ താഴെ വീണു കിടക്കുന്ന ആളെ കണ്ടത്. വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെയാണു താഴെ വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |