തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്റെ ഉത്തരവാദിത്തം തങ്ങൾക്ക് മാത്രമായി ഏറ്റെടുക്കാനാകില്ലെന്ന് തലസ്ഥാന നഗരസഭ. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ ജില്ലാകളക്ടർക്ക് കത്ത് നൽകി. സംസ്കാര ചുമതല ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ കൂടി ഏറ്റെടുക്കണമെന്നാണ് നഗരസഭ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പല തദ്ദേശ സ്ഥാപനങ്ങളും മൃതദേഹ സംസ്കരണത്തിന്റെ ഉത്തരവാദിത്തം തലസ്ഥാന നഗരസഭയ്ക്കു മേൽ വച്ചൊഴിയുകയാണ്. കൊവിഡ് പ്രതിരോധത്തിലും മൃതദേഹ സംസ്കരണത്തിലും എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും തുല്യ ഉത്തരവാദിത്തമാണെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. സംസ്കരണം നടത്തുന്നത് കോർപ്പറേഷൻ മാത്രം ചെയ്താൽ അതിനെതിരെ ജനരോഷം ഉയരും. അതിനാൽ മറ്റ് മുനിസിപ്പാലിറ്റികളും തദ്ദേശ സ്ഥാപനങ്ങളും കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകണം- നഗരസഭ കത്തിൽ പറയുന്നു.
തലസ്ഥാന നഗരസഭയ്ക്കു സമീപത്തുള്ള പഞ്ചായത്തുകളിൽ നിന്നും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്നും ഇത്തരം ആവശ്യങ്ങൾ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ യോഗത്തിലും ഇക്കാര്യം ചർച്ചയായി. ജില്ലാപഞ്ചായത്തിന് കല്ലറയിൽ വാതക ശ്‌മശാനം ഉണ്ട്. പെരിങ്ങമ്മലയിൽ മറ്റൊന്ന് നിർമ്മിച്ചും വരികയാണ്. ആറ്റിങ്ങൽ, നെടുമങ്ങാട് മുനിസിപ്പാലിറ്റികൾക്കും സ്വന്തമായി ശ്മശാനങ്ങൾ ഉണ്ട്. ഈ ശ്മശാനങ്ങൾ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ തലസ്ഥാന നഗരസഭയുടെ
ഭാരം കുറയും.
മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ സംസ്കരിക്കാവു എന്നതിനാൽ തന്നെ ഇതിനായി നഗരസഭ ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ മുപ്പതോളം സംസ്കാരങ്ങളാണ് കോർപ്പറേഷൻ ഇത്തരത്തിൽ ശാന്തികവാടത്തിൽ നടത്തിയത്.
കോർപ്പറേഷൻ ഏത് ജോലിയും ഏറ്റെടുക്കാൻ തയ്യാറാണ്. എന്നാൽ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ കൂടി സംസ്കാരത്തിന്റെ ഉത്തരവാദിത്തം പങ്കുവയ്ക്കണം- ഐ.പി.ബിനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |