വാഷിംഗ്ടൺ : ഗ്രഹങ്ങൾ, ഗാലക്സികൾ, നെബുലകൾ തുടങ്ങിയ ബഹിരാകാശ വസ്തുക്കളെ ഇനി ' ആക്ഷേപകരമായ ' വിളിപ്പേരുകളിൽ അഭിസംബോധന ചെയ്യില്ലെന്ന് നാസ. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ് റിലീസിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വിളിപ്പേരുകളുള്ള ഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കൾ ഇനി ശാസ്ത്രീയ നാമത്തിൽ മാത്രമാകും അറിയപ്പെടുക.
ഇതുപ്രകാരം 1787ൽ വില്യം ഹെർഷെൽ കണ്ടെത്തിയ ' എസ്കിമോ നെബുല ' ഇനി മുതൽ ' എൻ.ജി.സി 2392 ' എന്നാകും അറിയിപ്പെടുക. ' സയാമീസ് ട്വിൻസ് ഗാലക്സികൾ ' ഇനി മുതൽ ' എൻ.ജി.സി 4567 ', ' എൻ.ജി.സി 4568 ' എന്നിങ്ങനെ അറിയപ്പെടും. ഇന്ന് എല്ലാ മേഖലകളിലും നിലനില്ക്കുന്ന വിവേചനവും അസമത്വങ്ങളും തിരിച്ചറിയാനും അവ പരിഹരിക്കാനുമാണ് ശാസ്ത്ര സമൂഹം ഉൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നത്. ഇതോടെ ചില ബഹിരാകാശ വസ്തുക്കളുടെ വിളിപ്പേരുകൾ ദോഷകരമാണെന്ന് മനസിലായി.
ആർട്ടിക് മേഖലകളിൽ ജീവിക്കുന്നവർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട വർണ വിവേചന ചരിത്രമുള്ള ഒരു പദമാണ് ' എസ്കിമോ '. വൈവിധ്യം, തുല്യത തുടങ്ങിയവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രഹങ്ങൾ, ഗാലക്സികൾ തുടങ്ങിയവയ്ക്ക് അനൗദ്യോഗിക പേരുകൾ നൽകിയിരിക്കുന്നത് പരിശോധിച്ചു വരികയാണെന്നും നാസ അറിയിച്ചു. ഈ വിളിപ്പേരുകൾക്ക് ചരിത്രപരമായോ സംസ്കാരപരമായോ അർത്ഥങ്ങൾ ഉണ്ടാകാം. അത് ഒരു പക്ഷേ, ആക്ഷേപകരമോ അനിഷ്‌ടകരമോ ആകാം. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ കാരണമെന്നും നാസ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |