ജയ്‌പൂർ: രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിൽ പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. കുടുംബപ്രശ്നങ്ങൾ മൂലം കൂട്ട ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭൂമി പാട്ടത്തിനെടുത്ത് വിവിധ കൃഷികൾ നടത്തിവരികയായിരുന്നു ഇവർ.
അതേസമയം, രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ കുടുംബാംഗങ്ങളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് ഇയാൾ നൽകിയ മൊഴി. ഇയാളെ ചോദ്യംചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
മരണകാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, അതേസമയം കുടിലിൽ ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നും റൂറൽ പൊലീസ് സൂപ്രണ്ട് രാഹുൽ ബർഹാത് പറഞ്ഞു. മൃതദേഹങ്ങളിൽ മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഇല്ല. അതിനാൽ രാത്രിയിൽ എന്തെങ്കിലും രാസവസ്തു കഴിച്ച് ജീവനൊടുക്കിയെന്നാണ് സംശയമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |