ജക്കാർത്ത: ഇന്തോനേഷ്യയിലെ യോഗ്യാകാർത്താ മേഖലയിലെ ബീച്ചുകളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഭീഷണിയായി ജെല്ലിഫിഷ് ആക്രമണം. 200 ലേറെ സന്ദർശകർക്കാണ് ജെല്ലി ഫിഷിന്റെ കുത്തേറ്റത്. യോഗ്യാകാർത്തായിലെ ഗുനൂംഗ് കിഡൂൽ റീജൻസിയിലെ ബീച്ചുകളിലാണ് സംഭവം. ജൂൺ 22 മുതലാണ് ഇവിടുത്തെ ബീച്ചുകൾ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. സാമൂഹ്യ അകലം, മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ നിർദ്ദേശങ്ങളോടെയാണ് ബീച്ചുകൾ വീണ്ടും തുറന്നിരിക്കുന്നത്. 269 പേർക്കാണ് ഇതുവരെ ജെല്ലിഫിഷിന്റെ കുത്തേറ്റത്. ജെല്ലിഫിഷിന്റെ ആക്രമണത്തെ തുടർന്ന് ശ്വാസതടസം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
നീല നിറത്തിലുള്ള ജെല്ലി ഫിഷുകളാണ് ഇവിടുത്തെ തിരമാലകൾക്കൊപ്പം കടൽത്തീരത്തടിയുന്നത്. ആകൃതിയും നിറവും കണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവയെ തൊടാൻ പോകുന്നതാണ് അപകടത്തിനിടയാക്കുന്നത്. മാരക വിഷമുള്ളവ അല്ലെങ്കിലും ഇവയുടെ കുത്ത് തൊലിപ്പുറത്ത് ചൊറിച്ചിൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. ചിലർക്ക് ശ്വാസതടസം വരെ ഉണ്ടായേക്കാം. ബീച്ചിലെത്തുന്നവർ ദയവായി ഇവയെ തൊടരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബീച്ചിൽ അടിഞ്ഞ ജെല്ലിഫിഷുകളെ അധികൃതർ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇവ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |