തൃശൂര്‍: വനിതാ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സി പി എമ്മിനെ വിമർശിച്ച് കോൺഗ്രസും ബി ജെ പിയും രംഗത്തെത്തി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കാവശ്യമായ രേഖ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പുത്തൂർ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് വനിതാ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തിൽ റവന്യൂ മന്ത്രി ഇടപെടണമെന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തവരെ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സി പി എം ചെയ്യുന്നതെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു. പ്രളയകാല തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിന്‍റെ വൈരാഗ്യം സി പി എം പ്രവർത്തകർ തീർത്തതാണെന്നാണ് ബി ജെ പിയും ആരോപിച്ചു. പ്രളയ കിറ്റ് തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിനാലാണ് വില്ലേജ് ഓഫീസറെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആരോപിച്ചത്.
എന്നാൽ, ആരോപണങ്ങളെ സി പി എം നിഷേധിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സിനി ഞരമ്പ് മുറിച്ചത് എന്നാണ് പാർട്ടി നിലപാട്. ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
വില്ലേജ് ഓഫീസറോട് കാര്യങ്ങൾ തിരക്കിയെങ്കിലും നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്നാണ് പ്രസിഡന്റ് പറയുന്നത്. തുടർന്നാണ് പ്രസിഡന്റും അംഗങ്ങളും വില്ലേജ് ഓഫീസറുടെ മുറിയിൽ കുത്തിയിരുന്നത്. ഒല്ലൂർ പൊലീസ് എത്തി സമരക്കാരുമായി ചർച്ച നടത്തി. തഹസിൽദാരുമായും പൊലീസ് ബന്ധപ്പെട്ടു. ഇതിനിടെയാണ് സീറ്റിൽ നിന്ന് എഴുന്നേറ്റുപോയ വില്ലേജ് ഓഫീസർ ബ്ലേഡുമായിവന്ന് കൈ ഞരമ്പ് മുറിച്ചത്. പൊലീസ് ഉടനെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |