കൊളോൺ : കൊവിഡ് പശ്ചാത്തലത്തിൽ ഒരു പാദമായി ചുരുക്കിയ ക്വാർട്ടറിൽ വിജയം നേടി ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡും യൂറോപ്പ ലീഗ് ഫുട്ബാളിന്റെ സെമി ഫൈനലിലെത്തി. കഴിഞ്ഞ രാത്രി ജർമ്മനിയിൽ നടന്ന മത്സരങ്ങളിൽ ഇന്റർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മൻ ക്ലബ് ബയേർ ലെവർകൂസനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ ഏക പക്ഷീയമായ ഒരു ഗോളിന് ഡെന്മാർക്ക് ക്ളബ് കോപ്പൻ ഹേഗനെ തോൽപ്പിച്ചു.
യൂറോപ്പ ലീഗിൽ ഗോളടി റെക്കാഡ് സ്ഥാപിച്ച ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവും നിക്കോള ബാറെല്ലയും ചേർന്നാണ് ഇന്ററിന് വിജയമൊരുക്കിയത്. 15-ാം മിനിട്ടിൽ ലുക്കാക്കുവിന്റെ ഒരു ഷോട്ട് റീബൗണ്ട് ചെയ്തുവന്നത് പിടിച്ചെടുത്ത് ബാറെല്ലയാണ് ഇന്ററിന്റെ ആദ്യ ഗോൾ നേടിയത്.21-ാം മിനിട്ടിൽ ലെവർക്കൂസൻ ഡിഫൻഡർമാർക്കിടയിലൂടെ നൂണ്ടുകയറി ലുക്കാക്കു രണ്ടാം ഗോളും നേടി.24-ാം മിനിട്ടിൽ ഹാവെർട്ട്സിലൂടെ ജർമ്മൻ ക്ളബ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരഫലം മാറ്റാനായില്ല. അതേസമയം ഇന്റർറിന് അനുകൂലമായി രണ്ട് തവണ പെനാൽറ്റി കിക്ക് വിധിച്ച റഫറി വീഡിയോ പരിശോധിച്ചശേഷം രണ്ടും റദ്ദാക്കി. 28-ാം മിനിട്ടിലായിരുന്നു ആദ്യം. അവസാന മിനിട്ടിലും ഇതേ കഥ ആവർത്തിച്ചു.
9
തുടർച്ചയായ ഒൻപത് യൂറോപ്പ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി ഇന്റർ മിലാന്റെ ഒൻപതാം നമ്പർ കുപ്പായക്കാരൻ റൊമേലു ലുക്കാക്കു റെക്കാഡ് സൃഷ്ടിച്ചു.
2009/10
സീസണിന് ശേഷം ആദ്യമായാണ് ഇന്റർ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തുന്നത്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ അധിക സമയത്ത് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ നേടിയ ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതിരുന്നതിനെത്തുടർന്നാണ് അധിക സമയത്തേക്ക് നീണ്ടത്. നിശ്ചിത സമയത്ത് മാഞ്ചസ്റ്റർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ബാറിലും ' വാറിലും' തട്ടി പലതും നഷ്ടമായി. ഒടുവിൽ 95-ാം മിനിട്ടിൽ അന്തോണി മാർഷ്യലിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ബ്രൂണോ കാത്തിരുന്ന വിജയം സമ്മാനിച്ചു.
ഷാക്തർ ഡോണെസ്കും ബാസലും തമ്മിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലെ വിജയികളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ഞായറാഴ്ച രാത്രി നടക്കുന്ന സെമിയിൽ നേരിടുക. വോൾവർ ഹാംപ്ടൺ - സെവിയ്യ ക്വാർട്ടർ ഫൈനലിലെ ജേതാക്കളെ ഇന്റർ മിലാൻ പിറ്റേന്ന് നേരിടും.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഇന്നു മുതൽ
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർഫൈനലുകൾക്ക് ഇന്ന് ലിസ്ബണിൽ തുടക്കമാകും.ഇരുപാദ മത്സരങ്ങൾ ഒഴിവാക്കി മിനിടൂർണമെന്റ് മാതൃകയിലാണ് ലിസ്ബണിലെ പൊതുവേദികളിൽ മത്സരങ്ങൾ നടത്തുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30ന് ഇറ്റാലിയൻ ക്ളബ് അറ്റലാന്റയും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ. 18-19 തീയതികളിലായി സെമിഫൈനലും 23ന് ഫൈനലും നടക്കും.
ചാമ്പ്യൻസ് ലീഗ് ഫിക്സ്ചർ
ഇന്ന്
അറ്റലാന്റ Vs പി.എസ്.ജി
നാളെ
ലെയ്പ്സിഗ് Vs അത്‌ലറ്റിക്കോ
വെള്ളി
ബാഴ്സലോണ Vs ബയേൺ
ശനി
മാഞ്ചസ്റ്റർ സിറ്റി Vs ലിയോൺ
(ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് മത്സരങ്ങൾ. സോണി സിക്സ് ചാനലിൽ ലൈവ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |