തിരുവനന്തപുരം: കണ്ടെയ്‌ൻമെന്റ് സോണുകൾ തീരുമാനിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സംസ്ഥാന സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കാനുള്ള അധികാരം ദുരന്ത നിവാരണ സേനയ്ക്ക് നൽകാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതലയായിരിക്കും ഇനി പൊലീസിന് നൽകുക. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
താഴെ തട്ടിലുള്ള വിവരശേഖരണമടക്കമുള്ള കാര്യങ്ങൾ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുക. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം നടപ്പാക്കും മുമ്പ് പൊതുജനങ്ങളെ അറിയിക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കൊവിഡ് വിവരശേഖരണവും കണ്ടെയ്ൻമെന്റ് സോൺ നിർണയവും അടക്കമുള്ള ജോലികൾ പൊലീസിനെ ഏൽപ്പിച്ചതിനെതിരെ ആരോഗ്യ പ്രവർത്തകരുടെ സംഘടനകളുടെ ഭാഗത്ത് നിന്നടക്കം വ്യാപകമായ പരാതികൾ നേരത്തെ ഉയർന്നിരുന്നു.
സമ്പർക്ക പട്ടിക തയാറാക്കുന്നതിന് അടക്കം പൊലീസ് നേതൃത്വം നൽകണമെന്ന് കാണിച്ച് നേരത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. വിവരശേഖരണത്തിലടക്കം പൊലീസ് നടപടി തുടരുമെന്നായിരുന്നു ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |