തിരുവനന്തപുരം: എത്ര വിഷാദത്തിലും ആസ്വാദകരെ ഉല്ലാസഭരിതരാക്കിയ, താളംപിടിക്കാൻ പ്രേരിപ്പിച്ച ഗാനരചയിതാവാണ് വിടപറഞ്ഞ ചുനക്കര രാമൻകുട്ടി. സങ്കടപ്പെടാൻ സമയമില്ലെന്നു പറഞ്ഞ അദ്ദേഹം എഴുതിയ പാട്ടുകളും അങ്ങനെയായിരുന്നു. ആഹ്ലാദം, പ്രണയം, ആവേശം, ഉന്മാദം... ഇങ്ങനെ പ്രസാദാത്മകമായ ഗാനങ്ങൾ മാത്രമെഴുതിയ കവി.
ദേവദാരു പൂത്തു എൻ മനസിൻ താഴ്വരയിൽ..., നീ സ്വരമായ് ശ്രുതിയായ്..., ശരത്കാല സന്ധ്യ... (എങ്ങനെ നീ മറക്കും), സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരു നീ... (കുയിലിനെത്തേടി), ധനുമാസക്കാറ്റേ... (മുത്തോടു മുത്ത്), ഒരു കടലോളം സ്‌നേഹം തന്നു പ്രിയസഖിയായി നീ..., ഒരു മലർത്തോപ്പിലെ..., പൂവായ പൂ... (ലൗ സ്റ്റോറി), ആലിപ്പഴം ഇന്നൊന്നായെൻ... (നാളെ ഞങ്ങളുടെ വിവാഹം), ശ്യാമ മേഘമേ നീ യദുകുല... (അധിപൻ), ഹൃദയവനിയിലെ നായികയോ, മഞ്ഞണിഞ്ഞ മാമലകൾ...(കോട്ടയം കുഞ്ഞച്ചൻ). മലയാളികൾ മുഴുവൻ താളം പിടിച്ച പാട്ടുകൾ ഇങ്ങനെ നീളുന്നു.
നാടക ഗാനങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ... ഈ മേഖലകളിൽ എണ്ണിയാലൊടുങ്ങാത്തത്ര ഗാനങ്ങൾ എഴുതിയിട്ടും എന്നും ആസ്വാദകരുടെ പ്രിയപ്പെട്ട ഗാനം 'ദേവദാരു പൂത്തു' ആയിരുന്നു. പക്ഷേ, ചുനക്കരുടെ ഏറ്രവും പ്രിയപ്പെട്ട ഗാനം അതായിരുന്നില്ല. . 'ആ ദിവസം' എന്ന സിനിമയിൽ 'പ്രവാഹമേ നദി പ്രവാഹമേ' എന്നതും ചൂതാട്ടം എന്ന സിനിമയിൽ 'വാരിധിയിൽ തിരപോലെ വഹ്‌നിയിൽ പുക പോലെ' എന്നതുമാണ് തന്റെ എഴുത്തിൽ ഏറെ സൗന്ദര്യമുള്ളതെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു.
വളരെക്കുറിച്ച് സമയമെടുത്താണ് 1983ൽ പുറത്തിറങ്ങിയ 'എങ്ങനെ നീ മറക്കും' എന്ന സിനിമയ്ക്കു വേണ്ടി.'ദേവദാരു പൂത്തു...' അദ്ദേഹം എഴുതിയത്. പ്രിയദർശനായിരുന്നു ആ സിനിമയുടെ കഥയെഴുതിയത്. ആറ് പാട്ടുണ്ടായിരുന്നു ആ സിനിമയിൽ, കേട്ടമാത്രയിൽ ആകർഷിച്ച ട്യൂൺ ആയിരുന്നു ദേവതാരുവിന്റേത്. ട്യൂൺ ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ പ്രൊഡ്യൂസർ പറഞ്ഞു ഈ പാട്ടുകൾ എല്ലാം ഹിറ്റാകണം, ഒരാഴ്ചയോളം സമയവും നൽകി,ഉച്ചയാഹാരം ഒക്കെ കഴിഞ്ഞ് കാറിൽ മുറിയിലേക്കു പോയി. കാറ്റടിച്ചപ്പോൾ മനസിലേക്ക് വരികളെത്തി. കാർ സ്ഥലത്തെത്തിയപ്പോഴേക്ക് ഗാനം റെഡി.
അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല: കെ.മധു
ഇത്രത്തോളം മനോഹരമായ ഗാനങ്ങൾ എഴുതിയ ചുനക്കര രാമൻകുട്ടിക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയി എന്ന് സംവിധായകൻ കെ.മധു പറഞ്ഞു. നമ്മളിലേക്ക് പോസിറ്റീവ് എനർജി മാത്രം നൽകിയ കവിയായിരുന്നു അദ്ദേഹം.
നിറയെ കവിത്വം: രമേശ് നാരായണൻ
കവിത്വം നിറഞ്ഞ വരികളായിരുന്നു ചുനക്കര രാമൻകുട്ടിയുടേതെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |