തിരുവനന്തപുരം: ശക്തമായ മഴ ദിവസങ്ങൾ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പമ്പ, കക്കി ഡാമുകൾ ഒരു ദിവസം മാത്രം തുറന്നപ്പോൾ കെ.എസ്.ഇ.ബിക്ക് നഷ്ടമായത് ഒരു കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം. കൃത്യമായി പറഞ്ഞാൽ 1,03,53,000 രൂപയുടെ നഷ്ടം.
ഈ മാസം 9നാണ് ഡാമുകൾ തുറക്കേണ്ടി വന്നത്. 2018ലെ അനുഭവത്തിന്റെ വെളിച്ചത്തിൽ, ജലനിരപ്പ് അപകടകരമാകുന്നതിനു മുമ്പുതന്നെ ഷട്ടർ തുറക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ മഴ തുടർന്നതുമില്ല.
4.771 ക്യൂബിക് ലിറ്റർ വെള്ളമാണ് ഒഴുക്കിവിട്ടത്. ഇതിൽ നിന്ന് 2.958 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നു. അടുത്തദിവസം തന്നെ അടയ്ക്കുകയും ചെയ്തു. ഒരു ദിവസം കൂടി കാത്തിരുന്നെങ്കിൽ ഡാം തുറക്കേണ്ടി വരില്ലായിരുന്നെന്നാണ് കെ.എസ്.ഇ.ബി ഇപ്പോൾ പറയുന്നത്. തുറക്കുമ്പോൾ ജലനിരപ്പ് 90 ശതമാനത്തിൽ താഴെയായിരുന്നു.
മഴ ശക്തമായ നാളുകളിൽ കൺട്രോൾ റൂം തുറക്കുകയും ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുകയും ചെയ്തിരുന്നു. രണ്ടു നാൾ ശക്തമായും പിന്നീട് ചെറിയ അളവിലും മഴ പെയ്തതോടെ ജലനിരപ്പ് ഉയന്നു.
ഡാമുകളിലെ ജലനിരപ്പും മേയിലേതും
ഇടുക്കി 66% ------------- 40%
പമ്പ 65%------------- 20%
കക്കി 64.44%---------- 21%
ഷോളയാർ 85% ----------- 23%
ഇടമലയാർ 60%------------ 21%
കണ്ടള 59% ---------- 13%
ബാണാസുരസാഗർ 84% ------- 17%
''ഇപ്പോഴത്തെ സാഹചര്യത്തിൽ തുലാവർഷം കൂടി കിട്ടിയാൽ പ്രതിസന്ധിയുണ്ടാകില്ല''
എൻ.എസ്. പിള്ള, ചെയർമാൻ, കെ.എസ്.ഇ.ബി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |