കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായ സംജുവിന്റെ ബന്ധുവായ കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ വീണ്ടും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി കസ്റ്റംസ് അധികൃതരിൽ നിന്ന് വിശദീകരണം തേടി.
ഇയാളെ നേരത്തെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചപ്പോൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ മുൻകൂർ നോട്ടീസ് നൽകണമെന്ന നിർദ്ദേശത്തോടെ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
ആഗസ്റ്റ് 12 ന് ഹാജരായെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ നിർബന്ധിച്ചു പല കാര്യങ്ങളും എഴുതി വാങ്ങിയെന്നും തനിക്ക് പരിചയമില്ലാത്ത ഒരാളുടെ ഫോട്ടോ കാണിച്ച് അറിയാമെന്ന് മൊഴി നൽകിയെന്ന് ഒപ്പിട്ടു വാങ്ങിയെന്നും ഷംസുദ്ദീന്റെ ഹർജിയിൽ പറയുന്നു.
നോട്ടീസ് നൽകിയിട്ടില്ലെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ആരോഗ്യപരമായ കാരണങ്ങളാൽ ബിസിനസിൽ നിന്നൊക്കെ വിട്ടു നിൽക്കുന്ന തന്നെ ദ്രോഹിക്കുന്നതു തടയണമെന്നും ഹർജിയിൽ പറയുന്നു. നയതന്ത്ര ചാനൽ വഴി പ്രതികൾ കടത്തിക്കൊണ്ടു വന്ന സ്വർണം ജൂവലറി ഉടമയായ സംജു വിറ്റിരുന്നു. ഷംസുദ്ദീൻ വഴിയാണ് വില്പനയെന്ന സംജുവിന്റെ മൊഴി അനുസരിച്ചാണ് ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |