കൊച്ചി: ചെക്ക് കേസിൽ പിഴ അടയ്ക്കാതിരുന്ന നടൻ റിസബാവ ഇന്നലെ വിചാരണക്കോടതിയിൽ കീഴടങ്ങി. പിഴത്തുകയായ 11 ലക്ഷം രൂപ കെട്ടിവച്ചതിനാൽ ഒരു മാസത്തെ തടവുശിക്ഷ കോടതി ഒരു ദിവസമാക്കി വെട്ടിക്കുറച്ചു. ഇതനുസരിച്ച് കോടതി പിരിയുംവരെ കോടതി മുറിയിൽ തുടർന്ന റിസബാവ വൈകിട്ട് മടങ്ങി. എളമക്കര സ്വദേശി സാദിഖിന് നൽകിയ ചെക്ക് കേസിൽ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി റിസബാവക്ക് 11 ലക്ഷം രൂപ പിഴയും മൂന്നുമാസം തടവും 2018 ലാണ് ശിക്ഷവിധിച്ചത്. ഇതിനെതിരെ സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ തടവുശിക്ഷ ഒരുമാസമാക്കി കുറച്ചു. പിഴത്തുക അടയ്ക്കാനും നിർദേശിച്ചു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയിൽ ഇളവുനൽകിയില്ല. തുകയടയ്ക്കാൻ ആറുമാസം സമയം നൽകി. ഇൗ കാലാവധി കഴിഞ്ഞദിവസം കഴിഞ്ഞതോടെ റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണക്കോടതി ഉത്തരവിട്ടു. തുടർന്നാണ് ഇന്നലെ രാവിലെ 11 ലക്ഷം രൂപ കോടതി നിർദേശപ്രകാരം ട്രഷറിയിൽ അടച്ചശേഷം പൊലീസ് നടപടികൾക്കു മുമ്പുതന്നെ റിസബാവ കോടതിയിൽ കീഴടങ്ങിയത്. ഇന്നലെ ഹാജരായ റിസബാവയുടെ സാഹചര്യങ്ങൾ പരിഗണിച്ച കോടതി ഒരു ദിവസത്തെ തടവാക്കി ശിക്ഷ ചുരുക്കി. തുടർന്നാണ് കോടതി പിരിയുംവരെ നിന്നശേഷം നടൻ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |