പാനൂർ :പാനൂർ മേഖലയിലെ യുവാക്കൾക്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണം ഈ മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണെന്ന പൊലീസ് നിലപാട് പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് ഇന്ത്യയിലൊട്ടാകെയുള്ള യുവജനപ്രസ്ഥാനങ്ങൾ പ്രതികരിക്കുകയും പ്രതിരോധങ്ങൾ ഉയർത്തുന്നുമുണ്ട്. അത് പാനൂരിന്റെ മാത്രം പ്രശ്നമായി അവതരിപ്പിച്ച പൊലീസ് നിലപാട് സംശയാസ്പദമാണ്. ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം തരംതാണ പരാമർശങ്ങൾ പിൻവലിക്കണം. ഒറ്റപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങളും,
വിവാഹജീവിതവും തൊഴിലുമായി കോർത്തിണക്കുന്ന പൊലീസ് ഭാഷ്യം അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
പാനൂർ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ കേന്ദ്ര, സംസ്ഥാന സേനകളിലേക്കുള്ള റിക്രൂട്ട് മെന്റുകൾക്കും പി.എസ്. സി പരിശീലന പരിപാടികൾക്കും ഡി.വൈ.എഫ്.ഐ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പത്ര, ദൃശ്യ മാധ്യമങ്ങളിൽ പാനൂരിലെ യുവാക്കളുടെ വിവാഹം നടക്കാത്തതിനു കാരണം അവിടെ നിലനിൽക്കുന്ന ഒറ്റപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങളും തൊണ്ണൂറു ശതമാനം വരുന്ന യുവാക്കൾക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിനാലുമാണെന്ന യുക്തിരഹിതമായ കാരണങ്ങൾ പടച്ചുവിടുന്നതിനോട് പ്രതിഷേധമുണ്ടെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |