ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ കടുത്ത പ്രതിഷേധത്തിനിടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് പരീക്ഷകൾക്ക് (ജെ ഇ ഇ )ഇന്ന് തുടക്കമായി. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കേരളത്തിലേതുൾപ്പടെ രാജ്യത്താകെ 660 പരീക്ഷ കേന്ദ്രങ്ങളിലായി ഈ മാസം ആറുവരെയാണ് പരീക്ഷ. കേരളത്തിൽ പതിമൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതുന്നവർക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
വയനാടൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കൊവിഡ് രോഗവ്യാപന മേഖലകളിൽ നിന്നുളളവർക്കായി പ്രത്യേക കവാടം, ഇരിപ്പിടം എന്നിവയൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആരോഗ്യവകുപ്പിന്റെ സേവനവും പ്രയോജനപ്പെടുത്തും. പരീക്ഷ കഴിഞ്ഞും പരീക്ഷയ്ക്കുശേഷവും രക്ഷിതാക്കൾ ഉൾപ്പടെ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |