SignIn
Kerala Kaumudi Online
Wednesday, 09 July 2025 11.57 PM IST

പദവികൾക്ക് മഹത്വം ചാർത്തിയ നേതാവ്

Increase Font Size Decrease Font Size Print Page
pranab-mukharjee

ആർജ്ജവവും സ്വഭാവശുദ്ധിയുമുള്ള രാഷ്ട്രീയ നേതാക്കൾക്കിടയിൽ എന്നും തലയെടുപ്പോടെ നിന്ന മുൻ രാഷ്ട്രപതി പ്രണബ്‌കുമാർ മുഖർജിയുടെ വേർപാട് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ്. അടിസ്ഥാന മൂല്യങ്ങൾക്കും ചിന്തകൾക്കു തന്നെയും ഏറെ ശോഷണം വന്നുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയത്തിൽ നിന്ന് ഏറെ മുന്നേ അദ്ദേഹം വിടപറഞ്ഞിരുന്നുവെങ്കിലും പൊതുമണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾക്കായി രാഷ്ട്രം എപ്പോഴും കാതോർത്തിരുന്നു. രാഷ്ട്രീയക്കാരനായിട്ടും ഭരണാധികാരിയായിട്ടും രാഷ്ട്രപതിയായിട്ടും തന്റേതായ ഒട്ടധികം സംഭാവനകളുണ്ട് അദ്ദേഹത്തിന്റേതായി. എൺപത്തിനാലാം വയസിൽ തിങ്കളാഴ്ച ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വച്ച് ഹൃദയത്തുടിപ്പ് നിലയ്ക്കുമ്പോൾ ഒരു പുരുഷായുസിൽ ലഭിക്കാവുന്ന എല്ലാവിധ സൗഭാഗ്യങ്ങളും അദ്ദേഹത്തെ തേടി എത്തിയിരുന്നു. ബംഗാളിലെ ഒരു വിദൂര ഗ്രാമത്തിൽ ജനിച്ച് സാധാരണക്കാരനായി വളർന്ന് ലോകം അറിയുന്ന നേതാവായി അദ്ദേഹം ഉയർന്നു. ബുദ്ധിയും മികവും കൊണ്ട് താൻ ഇരുന്ന അധികാര സ്ഥാനങ്ങളെ പ്രോജ്ജ്വലിപ്പിച്ചു. മിതഭാഷിയായിരുന്നെങ്കിലും അരുതാത്തതു കാണേണ്ടി വരുന്ന ഘട്ടങ്ങളിൽ രൂക്ഷമായിത്തന്നെ പ്രതികരിച്ചു. ക്ഷോഭിക്കേണ്ട ഘട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടി. സമന്വയത്തിന്റെ പാത സ്വീകരിക്കേണ്ട സന്ദർഭങ്ങളിലാകട്ടെ സ്വീകാര്യനായ മദ്ധ്യസ്ഥനായി. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കൗശലപൂർവം പരിഹാരമുണ്ടാക്കി. അര നൂറ്റാണ്ടോളം ദൈർഘ്യമേറിയ രാഷ്ട്രീയ ജീവിതത്തിനിടെ ഒട്ടേറെ പ്രമുഖ പദവികൾ അദ്ദേഹം വഹിച്ചു.

എല്ലായിടത്തും ഒരുപോലെ ശോഭിക്കുകയും ചെയ്തു. രണ്ട് അവസരങ്ങളിൽ പ്രധാനമന്ത്രി പദത്തിനടുത്തുവരെ അദ്ദേഹം എത്തിയതാണ്. തലനാരിഴയ്ക്കു അതു മാറിപ്പോയതിൽ കോൺഗ്രസിലെ ഉപജാപക സംഘത്തിനായിരുന്നു പങ്ക്.

പ്രണബ് മുഖർജിയുടെ പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. രാഷ്ട്രീയം കണ്ടു വളർന്നുവന്ന പ്രണബും മുതിർന്നപ്പോൾ ആ വഴിക്കു തിരിഞ്ഞത് സ്വാഭാവികം മാത്രം. കൊൽക്കത്തയിൽ കോളേജ് പഠനം കഴിഞ്ഞ് കമ്പി - തപാൽ വകുപ്പിൽ യു.ഡി ക്ളാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കോളേജദ്ധ്യാപകനായി മാറി. കുറച്ചുനാൾ പത്രപ്രവർത്തകനായും ജോലി നോക്കി. വി.കെ. കൃഷ്ണമേനോൻ ബംഗാളിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ച കാലത്ത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണ സംഘത്തിലെ ചുറുചുറുക്കുള്ള പ്രവർത്തകനും സംഘാടകനുമായിരുന്നു പ്രണബ്.

പ്രചാരണത്തിന് എത്തിയ ഇന്ദിരാഗാന്ധിയാണ് പ്രണബിന്റെ സംഘാടന പാടവവും നേതൃഗുണവും കണ്ടറിഞ്ഞ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലെത്തിച്ചത്. 1969-ൽ രാജ്യസഭാംഗമാക്കിയതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയിലും സ്ഥാനം നൽകി. തുടർന്നങ്ങോട്ട് അധികാരത്തിന്റെ ഓരോ പടവും അനായാസം അദ്ദേഹം ചവിട്ടിക്കയറി. അഞ്ചു പ്രാവശ്യമാണ് രാജ്യസഭാംഗമായത്. ഒരു പ്രാവശ്യം ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ മൻമോഹൻ മന്ത്രിസഭയിൽ വരെ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചു. ധനമന്ത്രി, പ്രതിരോധമന്ത്രി, വിദേശമന്ത്രി തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ സേവനം ഏറെ പ്രശംസനീയവുമായി. റാവു മന്ത്രിസഭയുടെ കാലത്ത് ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനെന്ന നിലയിൽ സ്തുത്യർഹമായ സംഭാവനകളും നൽകി. മൻമോഹൻ മന്ത്രിസഭയിൽ ആദ്യം അദ്ദേഹം പ്രതിരോധകാര്യമന്ത്രിയായിരുന്നു. പിന്നീട് ധനകാര്യവകുപ്പ് ഏറ്റെടുത്തു. വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അമേരിക്കയുമായി ആണവ കരാർ ഒപ്പുവയ്ക്കുന്നതിനു പിന്നിൽ നിർണായക പങ്കുവഹിച്ചത് പ്രണബ് മുഖർജിയാണ്.

ഇന്ദിരാഗാന്ധിക്കു ശേഷം ആര് എന്ന സമസ്യ ഉയർന്നപ്പോൾ പ്രണബിന്റെ പേര് രാഷ്ട്രീയ വൃത്തങ്ങളിൽ സ്വാഭാവികമായും ഉയർന്നുവന്നതാണ്. എന്നാൽ രാജീവ്‌ഗാന്ധിയാണ് അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. പ്രണബിനെതിരെ ഇതിന്റെ പേരിൽ പാർട്ടിയിൽ അപവാദ പ്രചരണങ്ങളും നടന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിശ്വസ്തരുടെ കൂട്ടത്തിൽ നിന്ന് പ്രണബിനെ പതിയെ ഒഴിവാക്കുന്നതിലേക്കു നയിച്ച സംഭവ പരമ്പരകളാണ് പിന്നീടുണ്ടായത്. രാജീവ് മന്ത്രിസഭയിൽ പ്രണബിന് സ്ഥാനവും ലഭിച്ചില്ല. മുറിവേറ്റ പ്രണബ് കോൺഗ്രസിൽ നിന്നു തെറ്റി രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്നൊരു പാർട്ടി രൂപീകരിച്ചെങ്കിലും കഷ്ടിച്ചു മൂന്നുവർഷത്തെ ആയുസേ അതിനുണ്ടായുള്ളൂ. കോൺഗ്രസിലേക്കു തന്നെ മടങ്ങുകയും ചെയ്തു. അന്നത്തെ ഈ എടുത്തുചാട്ടമൊഴിച്ചാൽ രാഷ്ട്രപതിയാകും വരെ കോൺഗ്രസിൽ ഏറ്റവുമധികം സ്ഥാനവലിപ്പമുള്ള നേതാവായിരുന്നു അദ്ദേഹം.

2012-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിയുടെ പേര് ഉയർന്നു വന്നപ്പോൾ വമ്പിച്ച രാഷ്ട്രീയ പിന്തുണയാണ് ലഭിച്ചത്. രാഷ്ട്രീയത്തിലെ എതിർ ചേരികളിലുള്ളവർ പോലും പ്രണബിനെ പിന്തുണച്ച കാഴ്ചയാണ് പിന്നീടു കണ്ടത്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് രാഷ്ട്രപതി ഭവനിലെത്തിയ പ്രണബ് അവിടെ നിന്ന് പടിയിറങ്ങുന്നതുവരെ പ്രൗഢമായ ആ പദവിയുടെ അന്തസും പാരമ്പര്യവും വാനോളം ഉയർത്തുകയും ചെയ്തു. എല്ലാ അർത്ഥത്തിലും 'പ്രവർത്തിക്കുന്ന" രാഷ്ട്രപതിയായിരുന്നു അദ്ദേഹം. തീരുമാനങ്ങൾ പിന്നത്തേക്കു മാറ്റിവയ്ക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. പിരിയാൻ രണ്ടുവർഷം ഉള്ളപ്പോഴാണ് മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലേറുന്നത്. മോദി സർക്കാരിന്റെ ചില വിവാദ തീരുമാനങ്ങളോടുള്ള എതിർപ്പ് ഇടയ്ക്ക് തീയും പുകയുമൊക്കെ സൃഷ്ടിച്ചെങ്കിലും ഒരു ഏറ്റുമുട്ടലിന്റെ പാതയിലേക്ക് വിയോജിപ്പ് നീങ്ങാതിരിക്കാൻ പ്രണബ് അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. ജനാധിപത്യ ഭരണ സമ്പ്രദായത്തിൽ രാഷ്ട്രപതിയുടെ സ്ഥാനം എന്തെന്നും അതിർവരമ്പ് എവിടെ വരെയുണ്ടെന്നും മനസിലാക്കാൻ അദ്ദേഹത്തിന് നിയമ പുസ്തകങ്ങളുടെ സഹായം വേണ്ടതില്ലായിരുന്നു. രാജ്യത്തിന് അഭിമാനിക്കാനാവുന്ന രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖർജി.

വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രണബിന്റെ സ്ഥാനം മഹത്തരമാണ്. രാഷ്ട്രീയ പിന്നാമ്പുറങ്ങളിലേക്കു വെളിച്ചം വീശുന്ന മൂന്നു ഭാഗങ്ങളുള്ള ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അടിയന്തരാവസ്ഥ ഏർപ്പെടുത്തുമ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നതിന്റെ പേരിൽ പിന്നീട് ഏറെ പഴി കേൾക്കേണ്ടിവന്നു. അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനമായിപ്പോയെന്ന് ഓർമ്മക്കുറിപ്പിൽ അദ്ദേഹം പറയുന്നുമുണ്ട്. രാഷ്ട്രപതി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം ഒരു വർഷം മുൻപ് നാഗ്‌പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ ഏറെ അധിക്ഷേപങ്ങൾ അദ്ദേഹത്തിനു കേൾക്കേണ്ടിവന്നു. പല കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നെങ്കിലും സന്ദർശന പരിപാടി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. രാജ്യം, ദേശീയത എന്നിവയുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കാൻവേണ്ടിയാണ് തന്റെ സന്ദർശനമെന്നും ഇതിൽ ആരും തന്നെ അസഹിഷ്ണുക്കളാകേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അസഹിഷ്ണുത ദേശീയതയെ ദുർബലമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു ദേശീയ നേതാവിന്റെ ആർജ്ജവമുള്ള വാക്കുകൾ തന്നെയായിരുന്നു അത്.

TAGS: EDITORIAL, PAYING HOMAGE TO PRANAB MUKHARJEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.