അഡ്വ. എസ്. വേണുഗോപാൽ
ചെയർമാൻ, ഹോർട്ടികോർപ്പ്
സംസ്ഥാനത്തെ കർഷകരിൽ നിന്ന് മെച്ചപ്പെട്ട വിലയിൽ കാർഷികോത്പന്നങ്ങൾ വാങ്ങി സ്വന്തം സ്റ്റാളുകളിലൂടെ വില്പന നടത്തി കർഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആശ്വാസമേകുന്ന സ്ഥാപനമാണ് ഹോർട്ടികോർപ്പ്. പൊതുവിപണിയിലെ പച്ചക്കറി വിലയുടെ കുതിച്ചുകയറ്റം തടയുന്നതും ഈ സർക്കാർ സംവിധാനത്തിന്റെ പ്രവർത്തന ഫലമായാണ്. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ഹോർട്ടികോർപ്പിൽ ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് പ്രതിസന്ധിയുണ്ടോ
കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ അളവിനെ സംബന്ധിച്ച് മുൻകൂട്ടി അറിയാൻ കഴിയാത്തതായിരുന്നു ഒരു പ്രശ്നം. ഇത്തരം മുൻകൂർ വിവരശേഖരണത്തിനായി എല്ലാ കൃഷിഭവനു കീഴിലും ഫാം ക്ളബ് രൂപീകരിക്കാനുള്ള ശ്രമം പൂർത്തിയായിവരുന്നുണ്ട്. കർഷകരുടെ വിവരശേഖരണം നടത്തി, ഹോർട്ടികോർപ്പിന് ഉത്പന്നങ്ങൾ നൽകാൻ തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കും. ഏതൊക്കെ ഉത്പന്നങ്ങളാണ് ഓരോ മാസവും ലഭിക്കുകയെന്നും, എത്രത്തോളം അളവിൽ ലഭിക്കുമെന്നുമുള്ള മുൻധാരണ ഇതിലൂടെ ലഭിക്കും. അങ്ങനെ ഉത്പന്നങ്ങൾ വാങ്ങി, വില്പന നടത്താനുള്ള സംവിധാനം ഒരുക്കാനാവും. 70 ശതമാനം പഞ്ചായത്തുകളിൽ ഇതിനകം പ്രവർത്തനം പൂർത്തിയായി.
? കർഷകരിൽ നിന്നു വാങ്ങിയ ഉത്പന്നങ്ങളുടെ വില കൊടുത്തുതീർക്കാനുണ്ടോ.
കർഷകർക്ക് പരാതിയില്ലാത്ത വിധത്തിൽ പണം നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് . ഏപ്രിൽ വരെയുള്ള വില കർഷകർക്ക് കൊടുത്തുതീർത്തു. മേയ് മാസത്തെ തുക ഉടനെ കൊടുത്തുതീർക്കാൻ കഴിയും.
? തിരുവനന്തപുരം നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ കർഷകർ പ്രതിഷേധിച്ചിരുന്നല്ലോ.
അവിടെ കർഷകരുടെ ഒരു സമിതിയുണ്ട് . അവരാണ് ഉത്പന്നങ്ങൾ ഏറ്റെടുക്കുന്നതും ഹോർട്ടികോർപ്പിന് കൈമാറുന്നതും. ദിവസവും രാവിലെ ഉത്പന്നങ്ങൾ എത്തിക്കുമ്പോഴാണ് അവ എത്രത്തോളം ഉണ്ടെന്ന് മനസിലാകുന്നത്. പലപ്പോഴും ഭീമമായ അളവിൽ ഒരേ ഇനം ഉത്പന്നം തന്നെ ലഭിക്കുമ്പോൾ അവ വിപണനം ചെയ്യുന്നതിനുള്ള സംവിധാനം മുൻകൂറായി ഒരുക്കാൻ ഹോർട്ടികോർപ്പിന് കഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇത് പരിഹരിക്കാൻ കൃഷി, ഭക്ഷ്യ മന്ത്രിമാർ ചേർന്ന് ചർച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കിയിട്ടുണ്ട്. കർഷകർ നൽകുന്ന ഉത്പന്നങ്ങളുടെ ഏകദേശവിവരം മുൻകൂർ അറിയിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
? ഹോർട്ടികോർപ്പ് സ്റ്റാളിൽ വില്ക്കുന്ന പച്ചക്കറികൾ പൂർണമായും കേരളത്തിലെ കർഷകരുടെ ഉത്പന്നങ്ങളാണോ.
സവാള ,ഉരുളക്കിഴങ്, തക്കാളി എന്നിവ കേരളത്തിൽ വലിയ അളവിൽ ഉത്പാദിപ്പിക്കാൻ കഴിയില്ല. ശേഷിക്കുന്ന ഉത്പന്നങ്ങളെല്ലാം സംസ്ഥാനത്തെ കർഷകരിൽ നിന്നുതന്നെ സംഭരിച്ചാണ് വിതരണം ചെയ്യുന്നത്.
? ഓണക്കാലത്തേക്ക് ആവശ്യമായ പച്ചക്കറികൾ എത്തിക്കാനുള്ള സംവിധാനം.
ഓണക്കാലത്തേക്ക് പുറത്തുനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതു സംബന്ധിച്ച് ഇതിനകം ധാരണയായിട്ടുണ്ട്. ബംഗളൂരു, നാഗ്പൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് അവിടങ്ങളിലെ കൃഷിവകുപ്പ് അധികൃതരുമായി ആലോചിച്ച് കർഷക കൂട്ടായ്മകളിൽ നിന്നാണ് പച്ചക്കറികൾ സംഭരിക്കുന്നത്. കഴിഞ്ഞ മൂന്നുനാല് വർഷമായി പച്ചക്കറി ലഭ്യത സംബന്ധിച്ച് പരാതികളൊന്നും ഉണ്ടായിട്ടില്ല.
?പച്ചക്കറികളുടെ വില നിർണയിക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിലുള്ള സമിതിയുടെ തീരുമാന പ്രകാരമാണ് വില നിർണയിക്കുന്നത് .വിവിധ ഘടകങ്ങൾ പരിശോധിച്ച് ഓരോ ദിവസവും യോഗം ചേർന്നാണ് അതത് ദിവസത്തെ വില നിശ്ചയിക്കുന്നത്.
?ഹോട്ടികോർപ്പിന് സാമ്പത്തിക ബാദ്ധ്യതയുണ്ടോ.
പ്രകൃതിക്ഷോഭ ഘട്ടങ്ങളിൽ കർഷകരെ സഹായിക്കാൻ ശേഖരിക്കുന്ന ഉത്പന്നങ്ങളിൽ പലതും വിറ്റുപോകാൻ സാദ്ധ്യതയില്ലാത്തതാണ്. മൂപ്പെത്താത്ത കാർഷിക വിളകൾ കർഷകനെ സഹായിക്കാനാണ് ശേഖരിക്കുന്നത്. വിറ്റുപോകില്ലെന്നു പറഞ്ഞ് അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം വിളകൾ ശേഖരിക്കാതിരിക്കാറില്ല. രണ്ടു വെള്ളപ്പൊക്കത്തിലും തുടർന്നുവന്ന കൊവിഡ് കാലത്തും ഇതുപോലെ ശേഖരിച്ചു. അത് ഹോർട്ടികോർപ്പിന്റെ ബാദ്ധ്യതയായി നിൽക്കുന്നുണ്ട്. കർഷകരെ സഹായിക്കണമെന്നു പറയുന്നവർ തന്നെ, ഉത്പന്നത്തിന് വില അല്പം കൂട്ടിയാൽ അത് അംഗീകരിക്കില്ല.സാമ്പത്തിക ബാദ്ധ്യതയുണ്ടെങ്കിലും അതെല്ലാം ധനകാര്യ മാനേജ്‌മെന്റിലൂടെ പരിഹരിച്ചു വരുന്നു.
? ഹോർട്ടികോർപ്പിന് കാബ്‌കോ വെല്ലുവിളിയാകുമോ.
കാബ്‌കോ സമാന സ്വഭാവമുള്ള പദ്ധതിയാണ്. എന്നാൽ കാബ്‌കോ വരുന്നത് ഹോർട്ടികോർപ്പിന് പ്രതിസന്ധിയാകില്ല. ഇപ്പോൾ വി.എഫ്.പി.സി പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് കർഷകന് നേട്ടമാകും ഉണ്ടാക്കുക.
? കേരളം പച്ചക്കറിയിൽ സ്വയം പര്യാപ്തിയിലേക്ക് എത്താത്തത് എന്താണ്.
ഒരു പഞ്ചായത്തിൽ ഓരോ വാർഡിലും ഓരോ ഇനം കൃഷി നടത്തിയാൽ ആ പഞ്ചായത്ത് സ്വാശ്രയമാകും. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ഇതിന് ഉദാഹരണമാണ്. അതിനെ മാതൃകയാക്കി കൃഷിവകുപ്പ് ഓരോ പഞ്ചായത്തിലും ഫാം പ്ലാൻ തയ്യാറാക്കുന്നുണ്ട്.
? ഹോർട്ടികോർപ്പ് സ്റ്റാളുകൾ പലതും കാലത്തിനൊത്ത് മാറിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ.
പഴയ സ്റ്റാളുകൾക്ക് കാലാനുസൃത മാറ്റം വരുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുമ്പ് ബങ്ക് കടകൾ പോലെ പ്രവർത്തിച്ചിരുന്ന സ്റ്റാളുകളെ പ്രീമിയം സ്റ്റാളുകളുടെ നിലവാരത്തിലേക്കു മാറ്റും. ഇത് ഘട്ടംഘട്ടമായി നടപ്പാക്കും.
? നാടൻ പച്ചക്കറികളിൽപ്പോലും കീടനാശിനി സാന്നിദ്ധ്യമുണ്ടല്ലോ.
പഴത്തിലും പച്ചക്കറികളിലും പ്രാണികൾ കുത്തിയാൽ അത് മോശം ഉത്പന്നമെന്നാണ് പൊതുവെ ജനങ്ങൾ കരുതുന്നത്. രാസവസ്തുക്കൾ പ്രയോഗിച്ച പച്ചക്കറികളിലാണ് പ്രാണികൾ കുത്താത്തതെന്ന് സാക്ഷര കേരളത്തിലെ ജനങ്ങൾ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് പച്ചക്കറികളിൽ വിഷമടിക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. ഇക്കാര്യത്തിൽ ജനങ്ങളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |