SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.40 PM IST

കപ്പലപകടത്തിന്റെ നഷ്ടപരിഹാരം

Increase Font Size Decrease Font Size Print Page
msc-elsa

കേരള തീരത്തിനു സമീപം അപകടത്തിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ - 3 കപ്പലിന്റെ കമ്പനിയിൽ നിന്ന് 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പരിസ്ഥിതി, സാമ്പത്തിക മേഖലയിൽ ഈ അപകടം സൃഷ്ടിച്ച കൊടിയ നഷ്ടം പരിഗണിച്ചാണിത്. സർക്കാർ ഫയൽ ചെയ്ത അഡ്‌മിറാലിറ്റി സ്യൂട്ട് പരിഗണിച്ച ജസ്റ്റിസ് അബ്ദുൾ ഹക്കിം വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ഇതേ കമ്പനിയുടെ അകിറ്റേറ്റ - 2 എന്ന കപ്പലിന്റെ നീക്കം തടയുകയും വ്യാഴാഴ്ച വരെ കപ്പലിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയുമാണ്. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിനു ശേഷം കപ്പൽ വിട്ടയച്ചാൽ മതിയെന്നാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നതുവരെ ആറ് ശതമാനം പലിശ സഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടപരിഹാര കേസിൽ അന്തിമ തീർപ്പ് വൈകാനിടയുണ്ടെന്നത് കണക്കാക്കിയാണ് ഇടക്കാല സഹായം സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പൽ മുങ്ങുന്നത് തടയാനുള്ള വിവിധ ശ്രമങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വകുപ്പുകൾ നടത്തിയിരുന്നെങ്കിലും വിഫലമാവുകയാണുണ്ടായത്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ചരിഞ്ഞ കപ്പൽ അറബിക്കടലിൽ പൂർണമായി മുങ്ങുകയും കപ്പലിൽ അവശേഷിച്ചിരുന്ന കണ്ടെയ്‌നറുകൾ കടലിൽ പതിക്കുകയുമാണ് ഉണ്ടായത്. കപ്പലിൽ നിന്ന് ഇന്ധനം കടലിൽ കലരുന്നത് തടയാൻ കോസ്റ്റ് ഗാർഡിന്റെ,​ ഇതിനായുള്ള പ്രത്യേക സംവിധാനങ്ങളുള്ള കപ്പൽ പല നടപടികളും സ്വീകരിച്ചിരുന്നു. ഫ്ളോട്ടിംഗ് പൈപ്പ് വല പോലെ വിരിച്ച് ബ്ളോക്ക് ചെയ്യുക, പ്രത്യേക രാസവസ്തു വെള്ളത്തിൽ കലർത്തി ഇന്ധനത്തിന്റെ ഒഴുക്ക് തടയുക തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്. കടലിൽ ഇന്ധനം കലരുന്നത് കടലിലെ ജീവികളുടെ ആ പ്രത്യേക മേഖലയിലുള്ള ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാക്കാൻ പോന്നതാണ്.

കടലിൽ ഒഴുകിനടന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ തീരങ്ങളിൽ തുറന്ന നിലയിലും മറ്റും അടിച്ചുകയറിയത് തീരപ്രദേശത്തെ ജനങ്ങളെയൊന്നാകെ ആശങ്കയിലാഴ്‌ത്തുകയും ആഴ്ചകളോളം അവരുടെ ഉപജീവനമായ മത്സ്യബന്ധനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കണ്ടെയ്‌നറുകളിൽ നിന്ന് തീരത്ത് അടിച്ചുകയറിയ പ്ളാസ്റ്റിക് തരികൾ സൃഷ്ടിച്ച പരിസ്ഥിതിനാശം ചെറുതല്ല. കണ്ടെയ്‌നറുകളിൽ എന്തെല്ലാം വസ്തുക്കളാണ് ഉണ്ടായിരുന്നത് എന്നതു സംബന്ധിച്ച് കപ്പൽ കമ്പനിക്ക് ഇനിയും വ്യക്തമായ വിവരം നൽകാനായിട്ടില്ല. ഇത് നിരവധി പ്രചാരണങ്ങൾക്ക് ഇടയാക്കുകയും ജനങ്ങൾ മത്സ്യം വാങ്ങുന്നതിൽ നിന്നും ഉപയോഗിക്കുന്നതിൽ നിന്നും ദിവസങ്ങളോളം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും കീടനാശിനികളും ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്നും,​ സമുദ്രത്തിലും കേരളതീരത്തും അന്തരീക്ഷത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ ദോഷമുണ്ടാക്കുന്ന പല രാസവസ്തുക്കളും ചില കണ്ടെയ്‌നറുകളിൽ ഉണ്ടായിരുന്നു. മണ്ണിലും ജലത്തിലും ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രത്യാഘാതം സൃഷ്ടിക്കാൻ പര്യാപ്തമായ വസ്‌തുക്കളാണ് ചില കണ്ടെയ്‌നറുകളിൽ ഉണ്ടായിരുന്നത്. കേരളത്തിന്റെ പരിസ്ഥിതി, സാമ്പത്തിക മേഖലയിൽ ഉണ്ടായ നഷ്ടം നികത്താനുള്ള ബാദ്ധ്യതയിൽ നിന്ന് കപ്പൽ കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ല. സാങ്കേതിക പ്രശ്നങ്ങളും തടസങ്ങളും ചൂണ്ടിക്കാട്ടി ദീർഘനാൾ നീണ്ടുനിൽക്കുന്ന വ്യവഹാരത്തിനും അന്താരാഷ്ട്ര നിയമ സംവിധാനങ്ങളുടെയും ഏജൻസികളുടെയും മറ്റും ഇടപെടലിനും കമ്പനി ശ്രമിച്ചേക്കുമെന്നതിനാൽ അത്യന്തം ജാഗ്രതയോടെ വേണം സർക്കാർ കേസ് നടത്തേണ്ടത്.

TAGS: MSC ELSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.