ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിൽ 2018ലാണ് എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നാലുശതമാനം ജോലി സംവരണം നൽകാൻ സർക്കാർ തീരുമാനമെടുത്തത്. നിയമം വന്നിട്ടും നടപ്പാക്കാൻ കാലതാമസമുണ്ടായി. അർഹരായ ഭിന്നശേഷിക്കാരില്ലാത്തതാണ് വെല്ലുവിളിയെന്ന വ്യാജ പ്രചരണവുമായി എയ്ഡഡ് മാനേജ്മെന്റുകളും രംഗത്തെത്തി. ഒടുവിൽ കോടതി ഇടപെട്ടാണ് നിയമനം നടക്കുമെന്ന ഘട്ടമെത്തിയത്.
അർഹതയുള്ളവരെ ലഭിക്കുന്നില്ലെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർദേശം നടപ്പാകുന്ന ഘട്ടമെത്തിയപ്പോൾ ഭിന്നശേഷിക്കാർക്ക് വെല്ലുവിളിയാകുന്നത് വ്യാജന്മാരുടെ കടന്നുകയറ്റമാണ്. നിയമനത്തിലെ മെല്ലെപ്പോക്ക് തുടരുന്നതിനിടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവർ കൂടിയാകുമ്പോൾ അർഹരായവർക്കാണ് അവസരം നഷ്ടമാകുന്നത്.
മറയാക്കുന്ന
നിയമത്തിലെ പഴുതുകൾ
40 ശതമാനത്തിലധികം വെെകല്യമുള്ളവർക്കാണ് ഭിന്നശേഷി സംവരണത്തിന് അർഹത. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളിലധികവും ഒരു ഡോക്ടർ മാത്രം പരിശോധന നടത്തിയെന്നാണ് കാണിക്കുന്നത്. ഇത്തരം സർട്ടിഫിക്കറ്റുകൾ അസാധുവാക്കണമെന്നും, മെഡിക്കൽ ബോർഡ് ചേരുന്നതിലും, വെെകല്യത്തിന്റെ തോത് കണക്കാക്കുന്നതിലുമുൾപ്പെടെ കൂടുതൽ ശാസ്ത്രീയവും സുതാര്യമായ രീതികൾ വേണമെന്നാണ് ഭിന്നശേഷി സംഘടനകളുടെ ആവശ്യം. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സാമൂഹിക നീതി വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ഈ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരള ഫെഡറേഷൻ ഓഫ് ബ്ലെെൻഡ് പരാതികൾ കെെമാറിയിട്ടുണ്ട്.
ഇല്ലാത്ത കാഴ്ചവൈകല്യമുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തട്ടിപ്പ് വ്യാപകമായി നടത്തുകയാണെന്നാരോപിച്ച് കേരള ഫെഡറേഷൻ ഒഫ് ദി ബ്ലെെൻഡ് എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നേടി ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തി സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും ശക്തമായ നിയമനടപടി വേണമെന്നും വ്യാജ സർട്ടിഫിക്കറ്റ് മഫിയയെ പിടികൂടണമെന്നും കേരള ഫെഡറേഷൻ ഒഫ് ദി ബ്ലെെൻഡ് പ്രസിഡന്റ് ഡോ. സി ഹബീബ് പറഞ്ഞു.
കാഴ്ചാവെെകല്യമുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി സർവീസിൽ പ്രവേശിച്ച വടകര സ്വദേശിയായ അദ്ധ്യാപികയ്ക്ക് ഡ്രെെവിംഗ് ലെെസൻസുണ്ടെന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിക്കുന്നെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കോഴിക്കോട് വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്.
രജിസ്റ്റർ ചെയ്ത്
കാത്തിരിക്കുന്നത് 1400 പേർ
വിവരാവകാശ രേഖ പ്രകാരം 54 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി 1402 ഭിന്നശേഷി ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത് കാത്തിരിപ്പുണ്ട്. കെ - ടെറ്റ്, നെറ്റ് ഉൾപ്പടെയുള്ള യോഗ്യതാ പരീക്ഷകളിലും ഭിന്നശേഷിക്കാർക്ക് മാർക്കിളവുണ്ട്. ഇത് ലക്ഷ്യമാക്കിയും വ്യാജ അംഗവെെകല്യ സർട്ടിഫിക്കറ്റുകൾ വ്യാപകമായി നിർമിക്കുന്നുണ്ടെന്നാണ് പരാതി.
കാത്തിരിക്കുന്നവർ
(എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തവർ)
216: എൽ.പി.എസ്.ടി
643: യു.പി.എസ്.ടി
398: എച്ച്.എസ്.ടി
145: എച്ച്.എസ്.എസ്.ടി
5944: നോൺ ടീച്ചിംഗ് സ്റ്റാഫ്
ഉത്തരവിന് വർഷങ്ങളുടെ പഴക്കം,
നടപ്പാക്കാത്തത് വെല്ലുവിളി
2016 ലെ അവകാശ നിയമപ്രകാരം 21 ഭിന്നശേഷി വിഭാഗങ്ങൾക്കാണ് സംവരണത്തിന് അർഹതയുള്ളത്. ഇത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. 2017 മുതലുള്ള കണക്കുകൾ പ്രകാരം 3008 പേർക്കാണ് നിയമനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇത് വരെ നിയമനം ലഭിച്ചത് 360 പേർക്ക് മാത്രം. കൃത്യമായ ഇടപെടലുണ്ടായാൽ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാകൂ എന്നാണ് ഭിന്നശേഷി ഉദ്യോഗാർത്ഥികൾ പറയുന്നത്.
സർക്കാർ ഇടപെടൽ
അനിവാര്യം
ഭിന്നശേഷിക്കാർക്ക് നൽകുന്ന ആശ്വാസകിരണം പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പലപ്പോഴായി മുടങ്ങുന്നുണ്ട്. സ്ഥിരവരുമാനമുള്ള ജോലിയുണ്ടെങ്കിൽ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും. ഇവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നതാണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ. ഒന്നോ രണ്ടോ ലക്ഷം രൂപ നൽകിയാൽ ആർക്കും ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന സാഹചര്യമാണ് ആദ്യം ഇല്ലാതാകേണ്ടത്.
ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നത് തടയാൻ സർക്കാർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഭിന്നശേഷി സംവരണ തസ്തികകളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ മാനേജ്‌മെന്റിന് ഉണ്ടായിരുന്ന അധികാരം പൂർണമായും സർക്കാരിന് ലഭിക്കും. സുപ്രീം കോടതി നിർദേശ പ്രകാരമാണ് ഇതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമിതികൾ രൂപീകരിച്ചത്. എന്നാൽ അവിടെയും വ്യാജന്മാരെ പിടികൂടാൻ സംവിധാനമില്ല. സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ മാനദണ്ഡങ്ങളും മെഡിക്കൽ ബോർഡിന്റെ പ്രവർത്തനവും കൂടുതൽ ശാസ്ത്രീയമായാൽ മാത്രമേ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെ തുരത്താൻ സാധിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |