ജനീവ: കൊവിഡ് മഹാമാരി രൂക്ഷമായി തന്നെ നിലനിൽക്കെ പല രാജ്യങ്ങളും ഇളവു നൽകുന്നതിനെതിരെ ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളിൽ ഇത്ര തിരക്കുപിടിച്ച് ഇളവു നൽകുന്നത് ദുരന്തമുണ്ടാക്കാനുള്ള പാചകകുറിപ്പ് നൽകുന്നപോലെയാണെന്നാണ് ഡബ്ള്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറയുന്നത്. നിയന്ത്രണങ്ങൾ എത്ര ശക്തമാക്കുന്നുവോ അത്രയും ഗൗരവത്തോടെ വേണം ഇളവുകളും നൽകാൻ. കഴിഞ്ഞ എട്ടുമാസമായി ലോകത്തെ ജനങ്ങൾ നിയന്ത്രണങ്ങൾക്കിടയിലാണ് ജീവിക്കുന്നത്. അത് അവരെ മടുപ്പിക്കുന്നതായി മനസിലാകുന്നുണ്ടെങ്കിലും വൈറസിന്റെ ശക്തിയും വ്യാപ്തിയും മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, സമ്പദ് വ്യവസ്ഥകൾ പുനഃ സ്ഥാപിക്കുന്നതിനായി രാജ്യങ്ങൾ നൽകുന്ന ഇളവുകൾക്ക് പിന്തുണ അറിയിക്കുന്നു. നമ്മുടെ ആളുകൾ ഓഫീസിൽ പോകണം, കുട്ടികൾ സ്‌കൂളിലുമെത്തണം. പക്ഷേ അത് സുരക്ഷ കൂടി ഉറപ്പാക്കിയിട്ടുവേണം. കൊവിഡ് മഹാമാരിയുടെ വൈറസ് അതിവേഗമാണ് പടരുന്നത്. ആളുകൾ കൂട്ടം ചേരുമ്പോൾ, സ്റ്റേഡിയങ്ങളിലും നൈറ്റ് ക്ളബുകളിലും ആരാധനലായങ്ങളിലും ഒരുമിച്ച് കൂടുമ്പോൾ വൈറസ് വ്യാപനം സ്ഫോടനാത്കമമാകും. ഓരോ നാട്ടിലെയും മഹാമാരിയുടെ തോതും കണക്കും നോക്കി വേണം പ്രാദേശിക പൊതുയോഗങ്ങളും മറ്റും അനുവദിക്കാനെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |