ചെറുവത്തൂർ: വെങ്ങാട്ടെ പാട്ടുവീട്ടിലേക്ക് അബുദാബിയിൽ നിന്ന് വിളിയെത്തി. തൃശൂർ സ്വദേശിയായ യുവാവ് .ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലാണ്.ബിസിനസ് തകർന്നു. മുന്നോട്ടുപോകാൻ ഒരു വഴിയുമില്ല. ഒരു പാട്ട് കേൾക്കണം. പാട്ടിലെ ഗൃഹനാഥനായ രവീന്ദ്രൻ പാടാച്ചേരിയ്ക്ക് നടുക്കം. പേടിച്ച് കൊണ്ടുതന്നെ താൻ പാടിയ കുറെ പാട്ടുകൾ അയച്ചുകൊടുത്തു.
രണ്ടുദിവസം കഴിഞ്ഞ് അയാൾ തിരിച്ചുവിളിച്ചപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ ആകില്ലെന്ന് ഒരുകാലത്ത് മലബാറിലെ ഗാനമേളകളിൽ പാടി കൈയടി നേടിയ രവീന്ദ്രൻ പറയുന്നു. ലോക്ക് ഡൗണിലും പിന്നിടീങ്ങോട്ടും തിരക്കൊഴിഞ്ഞുനിൽക്കുന്ന ഈ വീട് ഇപ്പോൾ പാട്ടുവീടാണ്.കഴിഞ്ഞ ആറു മാസത്തിനിടെ ഈ കുടുംബം പാടി സമൂഹമാദ്ധ്യത്തിലിട്ട പാട്ടുകളെല്ലാം ഹിറ്റാണ്. ശകുന്തള എന്ന ചിത്രത്തിലെ മാലിനി നദിയിൽ എന്ന ഗാനം 12 ലക്ഷം പേരാണ് രണ്ടാഴ്ചയ്ക്കകം കണ്ടത്. ഫേസ് ബുക്കിൽ കണ്ട് വയലാറിന്റെ മകൾ ഇന്ദുലേഖ വിളിച്ച് അഭിനന്ദിച്ചു. അവരുടെ ഫേസ് ബുക്ക് പേജിലും ഷെയർ ചെയ്തു. തിരുവനന്തപുരം റീജയണൽ കാൻസർ സെന്ററിൽ നിന്നുള്ള രോഗികളും വിളിക്കും. രവീന്ദ്രസംഗീതം അവർക്ക് തെറാപ്പി പോലെയാണ്.
ഈ പാട്ടുവീട് തമിഴകത്തും ഹിറ്റാണിപ്പോൾ . 25 ലക്ഷം പേരാണ് രാസാത്തി ഉന്നെ എന്നു തുടങ്ങിയ പാട്ടുകൾ കേട്ടത്. അവിടെയും ഫേസ് ബുക്ക് പേജുകളിൽ പറന്നുനടക്കുകയാണ് ഇവരുടെ പാട്ടുകൾ. പയ്യന്നൂർ സ്വാതി ഓർക്കസ്ടയുടെ മുഖ്യ ശിൽപ്പിയായിരുന്നു കാസർകോട് ബീവറേജ്സ് കോർപ്പറേഷനിലെ ജീവനക്കാരനായ രവീന്ദ്രൻ. രണ്ടായിരത്തോളം വേദികളിൽ പാടിയിട്ടുണ്ട്. പി.ജയചന്ദ്രൻ, മാധുരി , ജി.. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ എന്നിവർക്കൊപ്പവും ഗാനമേളകളിൽ ശോഭിച്ചിട്ടുണ്ട് ഇദ്ദേഹം. ജോലിയിലെ തിരക്കാണ് പാട്ടിൽ നിന്ന് മാറ്റിയത്. എന്നാൽ കൊവിഡ് കാലം രവീന്ദ്രനെ വീണ്ടും പാട്ടുകാരനാക്കി. ഭാര്യയും തുരുത്തി ആർ.യു. എം.. എച്ച്. എസ് അദ്ധ്യാപികയുമായ ഷീനയും പിലിക്കോട് ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർഥിനി അനാമികയും അഞ്ചാം ക്ളാസുകാരിയായ വൈഗയും ചേർന്നതാണ് രവീന്ദ്രന്റെ പാട്ടുകുടുംബം. സ്കൂൾ കലോൽസവങ്ങളിലും മറ്റും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ മക്കൾ നേടിയിട്ടുണ്ട്. ഭാര്യ ഷീനയും ഇവർക്കൊപ്പം ചേർന്ന് ഇപ്പോൾ പാട്ടുകാരിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |