പ്രതികാരം മൂന്നുപേർ സഞ്ചരിച്ച ബൈക്ക് പിടിച്ചെടുത്തതിന്
ന്യൂഡൽഹി: ട്രിപ്പിളടിച്ചതിന് ബൈക്ക് പിടിച്ചെടുത്ത പൊലീസുകാരോട് സ്റ്റേഷനിലെ കറന്റ് കട്ട് ചെയ്ത് പകരം വീട്ടി വൈദ്യുതി വകുപ്പ് ജീവനക്കാരൻ. തമിഴ്‌നാട്ടിലെ കൂമപ്പട്ടിയിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് വിരുതനഗർ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വൈദ്യുതിഭവൻ ജീവനക്കാരൻ ബൈക്കിൽ ട്രിപ്പിളടിച്ചെത്തി. പൊലീസ് ബൈക്ക് തടഞ്ഞു. യാത്രക്കാർക്ക് ഹെൽമെറ്റോ ലൈസൻസോ മറ്റു രേഖകളോ ഒന്നുമില്ലായിരുന്നു. രജിസ്ട്രേഷൻ നമ്പറും വ്യാജം. തുടർന്ന് പൊലീസ് ബൈക്ക് പിടിച്ചെടുത്ത് വിരുതനഗർ സ്റ്റേഷനിലെത്തിച്ചു. നമ്പർ വ്യാജമായതിനാൽ എഫ്.ഐ.ആർ എടുത്തില്ല. ബൈക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൂമപ്പട്ടി വൈദ്യുതിഭവൻ ഓഫീസിൽ നിന്ന് അസിസ്റ്റന്റ് എൻജിനീയറുടെ വിളിയെത്തി. വാഹനത്തിന്റെ രേഖകളുമായെത്താൻ പൊലീസ് മറുപടിയും നൽകി. ഇതോടെ രാാത്രി 8.15ന് പൊലീസ് സ്റ്റേഷനിൽ കറന്റ് പോയി. പവർകെട്ടാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് മനസിലായി പക വീട്ടിയതാണെന്ന്.
തുടർന്ന് വിരുതനഗർ പൊലീസ് സൂപ്രണ്ട് പി. പെരുമാളിനെ വിവരമറിയിച്ചു. എസ്.പി. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതിഭവൻ ജീവനക്കാരനെതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |