തിരുവനന്തപുരം: അടുത്ത നാലു മാസവും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ കുറഞ്ഞത് ഏഴ് ഇനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സപ്ളൈകോ സർക്കാരിന് റിപ്പോർട്ട് നൽകി. എല്ലാ ചെലവും ഉൾപ്പെടെ കിറ്റൊന്നിന് 300 മുതൽ 350 രൂപ വരെ വില വരുന്ന വിധത്തിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു സർക്കാർ സപ്ളൈകോയോട് നിർദ്ദേശിച്ചിരുന്നത്. തിരുവോണത്തലേന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അടുത്ത നാലുമാസവും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
എല്ലാ മാസത്തെയും കിറ്റിൽ പഞ്ചസാര, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ഉണ്ടായിരിക്കും. വെളിച്ചെണ്ണ, സൺഫ്ലവർ ഓയിൽ എന്നിവ ഇടവിട്ട മാസങ്ങളിൽ കിറ്റിലുൾപ്പെടുത്തും. ചെറുപയർ അല്ലെങ്കിൽ കടല, ഗോതമ്പ് നുറുക്ക് അല്ലെങ്കിൽ ആട്ട, എന്നിവയും ഇതേ ക്രമത്തിൽ വിതരണം ചെയ്യാമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. തേയില, ഉപ്പ് എന്നിവ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മറ്റൊരു കരട് റിപ്പോർട്ടും സപ്ളൈകോ നൽകിയിട്ടുണ്ട്. സർക്കാരിന്റെ അംഗീകാരം കിട്ടിയ ശേഷം ഇനം, തൂക്കം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സപ്ളൈകോ അധികൃതർ അറിയിച്ചു. 152 കോടി
രൂപയാണ് നാലു മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണത്തിന് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |