പേരാവൂർ : ബസിൽ കയറുന്നതിനിടെ ചുരിദാർ ഷാളിൽ ചവിട്ടി റോഡിൽ തലയിടിച്ച് വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യയാണ് (27) മരിച്ചത്. പേരാവൂരിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. കാറിൽ ബസ് സ്റ്റോപ്പിലെത്തിച്ച ഭർത്താവ് കാൺകെയാണ് ദാരുണ സംഭവം.
കണ്ണൂരിലെ മിംമ്സ് ആശുപത്രിയിൽ നഴ്സായ ദിവ്യ ഇന്നലെ രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തേക്ക് പോകാൻ ഭർത്താവിനൊപ്പം കാറിൽ ബസ് സ്റ്റോപ്പിലെത്തി. ഇതിനിടെ ബസ് വന്നതോടെ ഇറങ്ങിയോടി കയറാൻ ശ്രമിക്കവേ കാൽ ഷാളിൽ ചവിട്ടി തെന്നി വീഴുകയായിരുന്നു. ഭർത്താവ് ബിനു നാട്ടുകാരുടെ സഹായത്തോടെ കാറിലും വഴിക്കുവച്ച് ആംബുലൻസിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു മാസം ഗർഭിണിയായിരുന്നു. വിദേശത്ത് ജോലി നോക്കുന്ന ബിനു അടുത്തിടെയാണ് നാട്ടിലെത്തിയത്.
ഇന്നലെ അവധിയായതിനാൽ പേരാവൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസും കുറവായിരുന്നു. ഈ ബസ് വിട്ടാൽ പിന്നെ ഒരു മണിക്കൂർ കഴിയണം അടുത്തത് കിട്ടാൻ.
അറയങ്ങാടിലെ പഴയമഠത്തിൽ ജോർജിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരി: നീതു (ബംഗളൂരു).
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 9ന് കൊമ്മേരി യാക്കോബായ പള്ളിയിൽ സംസ്‌കരിക്കും.