ന്യൂഡൽഹി: കൃത്യമായി വായ്‌പ തിരിച്ചടച്ചിരുന്നവരും എന്നാൽ, ലോക്ക്ഡൗണിൽ മോറട്ടോറിയം തിരഞ്ഞെടുത്തവരുമായ ഇടപാടുകാരെ, മോറട്ടോറിയം കാലത്തെ വായ്‌പാപ്പലിശയുടെ പേരിൽ പിഴിയരുതെന്ന് ബാങ്കുകളോടും കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി. പലിശയ്ക്കുമേൽ പലിശ ഈടാക്കാനുള്ള ബാങ്കുകളുടെ നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ബാങ്കുകൾക്ക് സ്വതന്ത്രമായി വായ്പ പുനഃക്രമീകരിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ബാങ്കിംഗ് റെഗുലേറ്റർ ആയ റിസർവ് ബാങ്ക്, ബാങ്കുകൾക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന ഇടനിലക്കാരനായി പ്രവർത്തിക്കരുതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ കൗൺസൽ രാജീവ് ദത്ത പറഞ്ഞു.മോറട്ടോറിയം നീട്ടണമെന്നും പലിശ പൂർണമായും ഒഴിവാക്കണമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ആവശ്യപ്പെട്ടു.
ദുരന്ത സമയത്ത് നടപടിയെടുക്കാൻ ദുരന്ത മാനേജ്‌മെന്റ് നിയമം (ഡി.എം.എ) ഉപയോഗിക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും അധികാരമുണ്ടെന്നും എന്നാൽ, അതുപയോഗിച്ചോ എന്നതാണ് ചോദ്യമെന്നും ബെഞ്ച് പ്രതികരിച്ചു.
മേഖല അടിസ്ഥാനത്തിൽ ആശ്വാസനടപടികൾ വേണമെന്ന് ഷോപ്പിംഗ് സെന്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ രഞ്ജിത്ത് കുമാർ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിലും ലാഭം മാത്രം നോക്കുന്ന ഒരേയൊരു വിഭാഗം ബാങ്കുകളാണെന്ന് ക്രെഡായ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അര്യാമ സുന്ദരം കുറ്റപ്പെടുത്തി. മൊറട്ടോറിയം ഹർജികളിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം തുടരും.
'സർക്കാരിന് മുന്നിൽ
രണ്ടു വഴികൾ"
സർക്കാരിന് മുമ്പിൽ രണ്ട് വഴികളാണുള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഒന്ന് പലിശ എഴുതിത്തള്ളുക അല്ലെങ്കിൽ വായ്പ തിരിച്ചടവിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപടിയെടുക്കുക. സമ്പദ്ഘടനയുടെ നെടുംതൂൺ കോർപ്പറേറ്റുകളല്ലെന്നും ചെറുകിടക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |