പത്തനംതിട്ട : കൊവിഡ് രോഗികളുടെ സമ്പർക്കം നിർണയിക്കലും തരംതിരിക്കലും, അതിനെ അടിസ്ഥാനമാക്കി ക്വാറന്റീനും ഐസൊലേഷനും നിശ്ചയിക്കുന്നതും സംബന്ധിച്ച് പുതുക്കി നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ നടപടികൾക്കായി എല്ലാ പൊലീസ് ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിന് രോഗികളും മറ്റും പാലിക്കേണ്ട കാര്യങ്ങൾ ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. കൊവിഡ് രോഗികളും ഉയർന്ന അപകട സാദ്ധ്യതയുള്ളവരും അല്ലാത്തവരുമായ പ്രാഥമിക സമ്പർക്കത്തിൽ വരുന്നവരും, ലക്ഷണങ്ങളില്ലാത്ത സെക്കൻഡറി കോണ്ടാക്ടിൽ വരുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും നിർദേശങ്ങൾ നൽകി. ജനമൈത്രി പൊലീസിനെയും മറ്റും ഉപയോഗപ്പെടുത്തി ആളുകളെ ബോധവത്കരിക്കുകയും നിർദേശങ്ങൾ അനുസരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും.
1. രോഗം സ്ഥിരീകരിച്ചവർ ചികിത്സയ്ക്കുശേഷം ഏഴു ദിവസത്തേക്ക് അനിവാര്യമല്ലാത്ത യാത്രകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കണം.
2. ഉയർന്ന അപകടസാധ്യതയുള്ള പ്രാഥമിക സമ്പർക്കത്തിലുള്ളവർ 14 ദിവസത്തെ റൂം ക്വാറന്റൈനിൽ കഴിയണം. കുറഞ്ഞ അപകടസാധ്യതയുള്ള പ്രാഥമിക സമ്പർക്കത്തിൽ വന്നവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും വേണം. 3. ലക്ഷണങ്ങളില്ലാത്ത സെക്കൻഡറി കോണ്ടാക്ടിലുള്ളവർ കോവിഡ് പ്രോട്ടോകോൾ പൂർണമായും അനുസരിച്ചു കഴിയണം. ലംഘനങ്ങളുണ്ടായാൽ കർശന നിയമനടപടികൾ കൈക്കൊള്ളും.
കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പുറപ്പെടുവിപ്പിക്കുന്ന മാർഗനിർദേശങ്ങൾ മനസിലാക്കിയും നിയന്ത്രണങ്ങൾ അനുസരിച്ചും ആളുകൾ പ്രവർത്തിക്കണം. മാസ്‌ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും മറ്റും ആളുകൾ ലംഘനങ്ങൾ തുടരുന്നതിനെതിരേ പൊലീസ് ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാപൊലീസ് മേധാവി അറിയിച്ചു.
കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് ഇന്നലെ ജില്ലയിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 186 ആളുകൾക്ക് നോട്ടീസ് നൽകി, സാമൂഹിക അകലം പാലിക്കാത്ത 110 പേർക്കെതിരെ നടപടിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |