കര, വ്യോമ സേനാ മേധാവികൾ ലഡാക്കിൽ
ന്യൂഡൽഹി: പാംഗോംഗ് തടാകത്തിന് സമീപം ചൈനീസ് കടന്നുകയറ്റ ശ്രമത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ
എം.എം. നരാവനെയും വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയയും ലഡാക്ക് അതിർത്തിയിലെത്തി.
ചുഷൂൽ മലനിരകളിലെ കടന്നുകയറ്റം പരാജയപ്പെട്ടതിനാൽ ചൈന മറ്റു മേഖലകളിൽ സമാന നീക്കം നടത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് അരുണാചൽ അതിർത്തി, ദൗലത് ബേഗ് ഓൾഡി, പാംഗോഗ് തടാകത്തിന് വടക്കുള്ള ഫിംഗർ-2 ഫിംഗർ-3 മേഖലകളിലും ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചു. പട്രോളിംഗും ശക്തമാക്കി.
ആഗസ്‌റ്റ് 29, 30 തിയതികളിൽ രാത്രിയിലാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കയറിയ ചൈനീസ് പട്ടാളത്തെ സേന തുരത്തിയത്. എല്ലാ സൈനിക പോസ്‌റ്റുകളും ഇന്ത്യയുടെ നിയന്ത്രണത്തിലാണെന്ന് അവലോകന യോഗത്തിൽ സൈനിക കമാൻഡർമാർ റിപ്പോർട്ട് നൽകി.
അരുണാചൽ പ്രദേശ്, സിക്കിം അതിർത്തികളിലെ വ്യോമത്താവളങ്ങൾ സന്ദർശിച്ച വ്യോമസേനാ മേധാവി വടക്കൻ മേഖലയിലെ വിന്യാസങ്ങളും സേനയുടെ ഒരുക്കങ്ങളും വിലയിരുത്തി. അതിർത്തിയിലെ സ്ഥിതിഗതികൾ അദ്ദേഹം സൈനികരിൽ നിന്ന് നേരിട്ട് ചോദിച്ചറിഞ്ഞു.
പാംഗോംഗിന് തെക്ക് സ്‌പാൻഗർ ഗ്യാപ്, റെച്ചിൻ പാസ് കുന്നിൻ പ്രദേശങ്ങൾ ഇന്ത്യൻ നിയന്ത്രണത്തിലാണെങ്കിലും വടക്കൻ തീരത്തെ ഫിംഗർ എട്ടു മുതൽ നാലുവരെ പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിൽ ചൈനയ്ക്ക് മേധാവിത്വമുണ്ട്.
അതിനിടെ സംഘർഷം കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ചുഷൂലിൽ ബ്രിഗേഡിയർതല ചർച്ച ഇന്നലെയും തുടർന്നു. ക്യാമ്പിലെ പതിവ് വേദികൾക്ക് പകരം തുറന്ന സ്ഥലത്താണ് ഇന്നലെ യോഗം നടന്നത്. നിയന്ത്രണ രേഖ ലംഘിച്ചത് ചൈന അംഗീകരിക്കാത്തതിനാൽ യോഗത്തിൽ ഒത്തുതീർപ്പുണ്ടായിട്ടില്ല.
നാലു മാസമായി പ്രകോപനം
വടക്കൻ ലഡാക്ക് അതിർത്തിയിൽ നാലു മാസമായി തുടരുന്ന സംഘർഷാവസ്ഥയ്‌ക്ക് കാരണം നിയന്ത്രണ രേഖയിലെ തത്‌സ്ഥിതി മാറ്റാനുള്ള ചൈനയുടെ നീക്കങ്ങളാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ ആരോപിച്ചു. ചൈനീസ് നീക്കങ്ങളെ കൈകാര്യം ചെയ്യാൻ ഇന്ത്യയ്‌ക്കാകും. സായുധ സേനകൾ അതിർത്തി കാക്കാൻ ബാദ്ധ്യസ്ഥമാണ്. എന്നാൽ സാഹചര്യങ്ങളെ ഉത്തരാവാദിത്വത്തോടെയാണ് ഇന്ത്യ സമീപിക്കുന്നത്. ചർച്ചകളിലൂടെ മാത്രമേ കുരുക്കഴിക്കാൻ കഴിയൂ. സമാധാനം നിലനിറുത്താൻ സൈനിക പിൻമാറ്റത്തിന് ചൈന പൂർണമായി സഹകരിക്കണം.
നൈമയ്ക്ക് അന്ത്യാഞ്ജലി
കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനിനിടെ മൈൻ പൊട്ടി ടെൻസിൻ നൈമ(53) എന്ന കമാൻഡോ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം,ടിബറ്റൻ അഭയാർത്ഥി ഗ്രാമമായ ചോഗ്ളാംസർ കോളനിയിൽ ദേശീയ പതാകയും ടിബറ്റൻ പതാകയും പൊതിഞ്ഞ പേടകത്തിന് മുന്നിൽ ടിബറ്റൻ ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകൾ നടത്തുന്ന ചിത്രങ്ങൾ പ്രചരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |