സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തോട് ചേർന്നുള്ള മാനിക്കുനി പ്രദേശത്ത് കുരങ്ങ് ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടി. കൂട്ടമായി എത്തുന്ന കുരങ്ങുകൾ വസ്തുവകകൾ നശിപ്പിക്കുന്നതിന് പുറമെ ആളുകളെഉപദ്രവിക്കാനും തുടങ്ങി. കഴിഞ്ഞ ദിവസം കുരങ്ങിന്റെ ആക്രമണത്തിൽ എഴുപത്തിയഞ്ച് വയസായ ഒരു സ്ത്റീക്ക് തലയ്ക്ക് പരിക്കേറ്റു.
വീടുകളിൽ പാചകം ചെയ്തുവെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ പാത്രത്തോടുകൂടി എടുത്തുകൊണ്ടുപോവുക, കുട്ടികളെയും പ്രായമായവരെയും ഉപദ്രവിക്കുക തുടങ്ങിയ ശല്യങ്ങളാണ് കുരങ്ങുകൾ ചെയ്യുന്നത്.
കൃഷികൾ നശിപ്പിക്കുകയും വീടിന് പുറത്ത് കാണുന്ന സാധനങ്ങൾ എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നു. വീടിനകത്ത് കയറുന്ന ഇവ ഭക്ഷണസാധനങ്ങൾക്ക് പുറമെ പുസ്തകങ്ങളും കടലാസുകളും മറ്റും നശിപ്പിക്കുകയും ചെയ്യുകയാണ്.
വീടിന്റെ മേൽകൂരയിൽ കയറിയ കുരങ്ങിനെ ഓടിച്ചുവിടാൻ ശ്രമിക്കുമ്പോഴാണ് വൃദ്ധയ്ക്ക് നേരെ കുരങ്ങിന്റെ ആക്രമണമുണ്ടായത്. വീടിന്റെ മേൽകൂരയിൽ നിന്ന് പട്ടിക പറിച്ചെടുത്ത് ഇവരുടെ തലയിലേക്ക് ഇടുകയായിരുന്നു. ശല്യക്കാരായ മുഴുവൻ കുരങ്ങുകളെയും പിടികൂടി വനത്തിൽ കൊണ്ടുപോയി വിടണമെന്നാണ് മാനിക്കുനി നിവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |