ന്യൂഡൽഹി: കൊവിഡിൽ വൻ തിരിച്ചടി നേരിട്ട വാഹന വിപണിക്ക് ആശ്വാസമേകാൻ ജി.എസ്.ടി കുറയ്ക്കുന്നത് കേന്ദ്രം പരിഗണിച്ചേക്കും. എല്ലാ വിഭാഗം വാഹനങ്ങൾക്കും ജി.എസ്.ടി 10 ശതമാനം കുറയ്ക്കണമെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) ആവശ്യപ്പെട്ടിരുന്നു.
നിശ്ചിതകാലത്തേക്ക് ജി.എസ്.ടി കുറയ്ക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച അന്തിമതീരുമാനം വൈകാതെയുണ്ടാകുമെന്നും കേന്ദ്ര വൻകിട, പൊതുവ്യവസായ മന്ത്രി പ്രകാശ് ജാവദേകർ പറഞ്ഞു. നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 14.9 ലക്ഷം പുതിയ വാഹനങ്ങളാണ് വിറ്റഴിഞ്ഞത്; മുൻവർഷത്തെ സമാനപാദത്തേക്കാൾ 75 ശതമാനം കുറവാണിത്.
നടപ്പുവർഷത്തെ ആദ്യ അഞ്ചുമാസക്കാലത്തെ ശരാശരി പ്രതിമാസ വില്പന മുൻവർഷത്തെ സമാനമാസങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തോളം മാത്രമാണ്. വാഹന വിപണിയെ കരകയറ്റാൻ ശക്തമായ നടപടി വേണമെന്ന് സിയാം പ്രസിഡന്റ് രാജൻ വധേര ആവശ്യപ്പെട്ടു.
15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നശിപ്പിക്കാനുള്ള സ്ക്രാപ്പേജ് പോളിസി എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യം മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിനി അയുകാവയും ഉന്നയിച്ചു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഇത്തരം വാഹനങ്ങൾ നശിപ്പിക്കാനായി സ്‌ക്രാപ്പ്‌യാഡിലേക്ക് മാറ്റുന്നത് സംബന്ധിച്ച നയമാണിത്.
വാഹനത്തിന്റെ ഉടമയ്ക്ക് നിശ്ചിത ഇൻസെന്റീവ് ലഭ്യമാക്കുന്നതാണ് നയം. 43,000 കോടിയോളം രൂപ മൂല്യം വരുന്ന പുതിയ വിപണി തന്നെ ഇതുവഴി സൃഷ്‌ടിക്കപ്പെടുമെന്നും വാഹന നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. നയം വൈകാതെ നടപ്പാക്കുമെന്ന സൂചന കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി നൽകിയിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ വൈകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |