ദുബായ്: യു.എ.ഇയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും രാജ്യത്തിന്റെ വ്യോമപാതയിലൂടെ സഞ്ചരിക്കാമെന്ന് ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കി. ഇസ്രായേലിൽ നിന്നും യു.എ.ഇയിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ബഹ്റൈന്റെ തീരുമാനം. എന്നാൽ ഇസ്രായേലിന്റെ പേര് എടുത്ത് പറയാതെയാണ് ബഹ്റൈൻ വാർത്താ ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയും സമാനമായ പ്രസ്താവന നടത്തിയിരുന്നു.
അതേസമയം ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങളോടുള്ള നയങ്ങളിൽ ബഹ്റൈൻ മാറ്റം വരുത്തിയിട്ടില്ല. രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ബഹ്റൈനിൽ നിന്നുള്ള വിമാനങ്ങൾ ഖത്തറിന്റെ വടക്കൻ അതിർത്തിയിലൂടെയാണ് യു.എ.ഇയിലേക്ക് എത്തുന്നത്. ഇറാനിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ ബഹ്റൈൻ ആകാശ അതിർത്തിയിൽ പ്രവേശിക്കുന്നുമില്ല. എല്ലാ വിമാനങ്ങൾക്കും ആകാശപാത തുറന്നു നൽകണമെന്നുള്ള യു.എ.ഇയുടെ അഭ്യർത്ഥന പ്രകാരമാണ് ബഹ്റൈന്റെ നടപടി.
കഴിഞ്ഞ ആഴ്ച യുഎസ്, ഇസ്രായേൽ പ്രതിനിധികൾ അടങ്ങുന്ന സംഘം യു.എ.ഇയിലേക്ക് ആദ്യ വിമാനയാത്ര നടത്തിയിരുന്നു. ഇസ്രായേൽ ബഹിഷ്കരണവും അതുമായി ബന്ധപ്പെട്ട നിയമങ്ങളും യു.എ.ഇ അടുത്തയിടെ റദ്ദാക്കിയിരുന്നു. 1972ലെ 15-ാം നമ്പർ ഫെഡറൽ നിയമമാണ് റദ്ദാക്കപ്പെട്ടത്. ഇസ്രായേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനാണ് യു.എ.ഇയുടെ നീക്കം. പുതിയ നിയമപ്രകാരം യു.എ.ഇയിലെ കമ്പനികൾക്കും വ്യക്തികൾക്കും ഇസ്രായേലിലെ വ്യക്തികളും കമ്പനികളുമായും വാണിജ്യ ഇടപാടുകൾ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |