കൊവിഡ് നിരാശകളുടെ ലോകത്തേക്കാണ് പ്രതീക്ഷയുടെ വെളിച്ചവുമായി 'സീ യൂ സൂൺ" എന്ന മലയാളചിത്രം കടന്നുവരുന്നത്. സ്ഥിരം സിനിമാസങ്കൽപ്പങ്ങളെ അപ്പാടെ മാറ്റിയെഴുതിയ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിനുള്ള കൈയടികൾ ഇപ്പോഴും തുടരുകയാണ്. അനു സെബാസ്റ്റ്യൻ എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ മലയാളസിനിമയിൽ സ്വന്തമിടം നേടുകയാണ് നടി ദർശനാരാജേന്ദ്രൻ. മായാനദി, വൈറസ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ദർശനയ്ക്ക് ഈ സിനിമ നൽകുന്നത് പുതിയ അനുഭവമാണ്.
''ആമസോണിൽ സിനിമ റിലീസായ രാത്രി മുതൽ എല്ലാവരും വിളിച്ചു. ഈ സിനിമയിൽ അഭിനയിച്ചവർ രാത്രി ആ സമയത്തിരുന്ന് സിനിമ കാണും, പക്ഷേ, അതല്ലാത്തവർ കാത്തിരുന്ന് സിനിമ കാണുക, അന്നേരം തന്നെ അഭിപ്രായങ്ങൾ അറിയിക്കുക... അതെല്ലാം പുതിയ അനുഭവമായിരുന്നു. എനിക്കത് വളരെ സ്പെഷ്യലായിരുന്നു. അന്നു ഞാൻ കുറേ നേരം എല്ലാവരുമായും സംസാരിച്ചു. സിനിമ എന്ന മാദ്ധ്യമം എന്തു പവർഫുള്ളാണ്, ഇത്രയും ആൾക്കാർ ഒരുമിച്ച് സിനിമ കാണുന്നു. കൊവിഡ് കാലത്തിനുശേഷം സിനിമാമേഖലയിൽ പ്രത്യാശ പകരാൻ കഴിഞ്ഞതിൽ ഞങ്ങൾക്കെല്ലാമുള്ള സന്തോഷംവളരെ വലുതാണ് ."" ദർശന മനസു തുറക്കുന്നു.
ആ അനുഭവത്തിൽ നിന്ന്
ഞാൻ കണ്ടെടുത്തു
'സീ യൂ സൂൺ" സിനിമയുടെ കഥ കേട്ട് വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ ഷൂട്ട് തുടങ്ങിയിരുന്നു. സിനിമയുടെ കഥ കേട്ട സമയത്തു തന്നെ ഇതേ അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്ന പെൺകുട്ടിയുടെ ദുരനുഭവങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോ ഞങ്ങളെല്ലാവരും കണ്ടിരുന്നു. വലിയ അസ്വസ്ഥതയായിരുന്നു അത് കണ്ടപ്പോൾ. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഇങ്ങനെയുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ച് കുറേ ആലോചിച്ചു. ആ കഥാപാത്രം സഞ്ചരിക്കുന്ന ഗ്രാഫ് മനസിൽ ചിന്താരൂപത്തിൽ തന്നെ ഉണ്ടായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു. ഞാൻ ആലോചിച്ചതിനേക്കാൾ കൂടുതൽ മഹേഷേട്ടൻ പറഞ്ഞു തരും. അതിൽ നിന്നും ഞാൻ ആവശ്യമുള്ളത് എടുത്തിട്ടുണ്ട്.
വേറൊരു ലോകമാണ്
വ്യത്യസ്തമായ മെത്തേഡാണ്
എല്ലാവരുടെയും മനസിൽ ഉണ്ടാകുമല്ലോ ഏറ്റവും നന്നായി അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ. അങ്ങനെ എനിക്ക് നന്നായി പെർഫോം ചെയ്യാനുള്ള ഇടം തന്ന സിനിമയാണ്. അതിൽ വലിയ സന്തോഷമുണ്ട്.
ഞങ്ങൾ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് നിന്നാണ് ഷൂട്ടിംഗ് നടത്തിയതെങ്കിലും വെവ്വേറെയാണ് ഓരോ ആൾക്കാരെയും ചിത്രീകരിച്ചത്. ഒരു വീഡിയോ കോളിൽ ഒരു കഥാപാത്രം സംസാരിക്കുന്നത് മുഴുവൻ ഷൂട്ട് ചെയ്യും. ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ റോഷനാണെങ്കിലും ഫഹദ് ആണെങ്കിലും മറുവശത്ത് അഭിനയിക്കും, പക്ഷേ, അത് ചിത്രീകരിക്കില്ല. അടുത്ത സീനിൽ റോഷൻ അഭിനയിക്കുമ്പോൾ റോഷനെ മാത്രം ചിത്രീകരിക്കുകയും ഞാൻ ഷൂട്ട് ചെയ്യാതെ റെസ്പോൺസ് കൊടുക്കുകയുമായിരുന്നു. സാധാരണയായി ഒരു വീഡിയോകോൾ ചെയ്യുമ്പോൾ ഒരു യഥാർത്ഥ ലോകത്തെയാണ് നമ്മൾക്ക് കണ്ടു പരിചയമുള്ളത്. ഇന്റർനെറ്റ് ഒരു വലിയ സ്പേസാണ്. ആ സ്പേസിൽ കുറച്ചു പെർഫോമൻസുകൾ വന്നാൽ പോലും ഒരു ചേർച്ചക്കുറവ് തോന്നാറുണ്ട്. ഏറ്റവും സത്യസന്ധമായിട്ട് ചെയ്യണം, റിയലായിട്ട് തോന്നണം ഇതായിരുന്നു ഞാൻ മനസിൽ പറഞ്ഞുകൊണ്ടിരുന്നത്. എല്ലാവരും ചേർന്നതാണ് സിനിമ. അഭിനയത്തിന്റെ ഏതുതലത്തിൽ നിന്നു നോക്കിയാൽ പോലും നൽകലും വാങ്ങലുമുണ്ട്. ഇത് നമുക്ക് അത്ര പരിചയമില്ലാത്ത മറ്റൊരു രീതിയാണ്. വേറൊരു ലോകമാണ്, മറ്റൊരു മെത്തേഡ് ആണെന്നും പറയാം.
ഓരോ തവണയും തിരുത്തി
മുന്നോട്ട് പോയി
ആക്ഷൻ, കട്ട് ഇല്ലാതെ ഫുൾ സീനുകളായാണ് നമ്മൾ സിനിമ എടുത്തിരുന്നത്. ഒരു സീൻ എടുത്താൽ ഒരു ടേക്കിൽ അതുമുഴുവൻ തീർക്കും. ആ ഒരു തുടർച്ച പുതിയൊരു രീതിയെ സ്വീകരിക്കാൻ എന്നെ പാകപ്പെടുത്തി എന്നു പറയാം. പാളിച്ചകളിൽ നിന്നാണ് ഞങ്ങൾ പഠിച്ചത്. ഏതെങ്കിലും ഒരു രീതി വർക്ക് ആകുന്നില്ലെങ്കിൽ അടുത്തത് നോക്കും, എല്ലാ ദിവസവും ഞങ്ങൾക്ക് അഭിമുഖീകരിക്കാൻ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കുന്നതിന് എല്ലാവരും ഒന്നിച്ചിരുന്നത് ചർച്ചകൾ നടത്തും. ആ ഒരു സ്പേസ് ഞങ്ങൾ എല്ലാവർക്കുമിടയിലുണ്ടായിരുന്നു. അതുതന്നെയാണ് മുന്നോട്ടേക്ക് പോകാനുള്ള ധൈര്യമായതും. വൈകാരിക രംഗങ്ങൾ, അല്ലാത്ത രംഗങ്ങൾ അങ്ങനെ അഭിനയിക്കുമ്പോൾ എനിക്ക് വേർതിരിവ് തോന്നിയിട്ടില്ല. എല്ലാ സീനുകളിലുമുള്ള ഗ്രാഫ് കൃത്യമാകണമെന്നാണ് ഞാൻ ചിന്തിച്ചത്. പല രംഗങ്ങളിലുമുള്ള കരച്ചിലുകൾ തന്നെ വേറെ വേറെയാണ്. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞാൻ കൂടുതലും ശ്രദ്ധിച്ചത്. അതേ അവസ്ഥയിൽ കടന്നു പോയ പെൺകുട്ടിയുടെ അനുഭവത്തിൽ നിന്നും അഭിനയിക്കാനുള്ള കാര്യങ്ങൾ ഞാൻ മനസിൽ വരച്ചുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |