
കൊച്ചി: കേരള ഫിലിം ചേംബർ ഉന്നയിച്ച ആവശ്യങ്ങളിൽ 14ന് നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ല. 22നുശേഷം സർക്കാർ തിയേറ്ററുകളുമായി കരാർ ഒപ്പിടരുതെന്ന് വിതരണക്കാർക്ക് ഫിലിം ചേംബർ നിർദ്ദേശവും നൽകി. ചേംബർ സമർപ്പിച്ച നിവേദനങ്ങളിലെ ആവശ്യങ്ങൾ സംബന്ധിച്ച് 14ന് ചർച്ച നടത്താമെന്നാണ് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ അറിയിച്ചത്. ചർച്ചയിൽ ധാരണയായില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ല. അതിന്റെ ആദ്യനടപടിയാണ് ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിയേറ്ററുകൾക്ക് സിനിമകൾ നൽകേണ്ടെന്ന തീരുമാനമെന്നും ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് പറഞ്ഞു. വിനോദനികുതി ഇളവ് ചെയ്യുക,തിയേറ്ററുകൾക്ക് വൈദ്യുതി നിരക്കിളവ്,കെട്ടിടനികുതിയിൽ ഇളവ്,നിർമ്മാതാക്കൾക്ക് പ്രോത്സാഹനം,വ്യാജപ്പകർപ്പ് തടയാൻ നടപടി തുടങ്ങിയവയാണ് ചേംബറിന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |