പയ്യന്നൂർ: പെട്രോളിയം സംഭരണ പദ്ധതി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചതിനെ തുടർന്ന് കണ്ടങ്കാളി തലോത്ത് വയലിൽ ഇറക്കിയ കൃഷിയിൽ നൂറുമേനി വിളവ്. 130 ഏക്കറോളം വരുന്ന വയലിൽ നാട്ടുകാരും കർഷകരും കർഷക തൊഴിലാളികളും ചേർന്ന് കൊയ്ത്തും തുടങ്ങി.
തനത് നെൽവിത്തായ തവ്വനാണ് പ്രധാനമായും കൃഷി ചെയ്തത്. ജ്യോതി, ആതിര, തവളക്കണ്ണൻ, തികപ്പ, നമ്പ്യാരമ്പൻ തുടങ്ങിയ വിത്തുകളും വിതച്ചിരുന്നു. കണ്ടങ്കാളിയിൽ റെയിലിനു ഇരുവശത്തുമായി പുഴ അതിരിടുന്ന പഴയ തനിമ നഷ്ടപ്പെടാതെ നിലനിൽക്കുന്ന തവ്വൻ കണ്ടങ്ങൾ വടക്കൻ കേരളത്തിൽ അവശേഷിക്കുന്ന അപൂർവ്വം വയൽ ആവാസ വ്യവസ്ഥകളിൽ ഒന്നാണ്. വർഷങ്ങളായി പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവന്നിരുന്ന ഏക്കർ കണക്കിനുള്ള നെൽവയലും വിശാലമായ തണ്ണീർ പാടവും നികത്തി കൂറ്റൻ പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം പ്രദേശത്തെ ജനത ഒറ്റക്കെട്ടായി നടത്തിയ സമരത്തിലൂടെയാണ് തിരിച്ചെടുത്തത്.
കേരളത്തിൽ പലപ്പോഴായി നടന്നിട്ടുള്ള പാരിസ്ഥിതിക സമരങ്ങളുടെ ചരിത്രത്തിൽ ശക്തമായി എഴുതിച്ചേർക്കപ്പെട്ട പയ്യന്നൂരിലെ സമരത്തിനിടയിൽ പ്രൊഫ. മാധവ് ഗാഡ്ഗിലടക്കമുള്ള പ്രമുഖരായ പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പിന്തുണയുമായി എത്തിയിരുന്നു.
നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. പ്രദീപൻ, ജനകീയ സമരത്തിന് നേതൃത്വം നൽകിയ ടി.പി.പത്മനാഭൻ, കെ.രാമചന്ദ്രൻ, അത്തായി ബാലൻ, മണിരാജ് വട്ടക്കൊവ്വൽ, എം. കമല, ഇ. ദേവി, മാടക്ക ജാനകി, ടി.പി. ഗണേശൻ, ഭാസ്കരൻ കണ്ടങ്കാളി തുടങ്ങിയവർ സംസാരിച്ചു.
സി. പ്രീത, എം. കല്യാണി, വി.വി. കാർത്ത്യായനി, എം.വി. യശോദ, ടി. ചന്ദ്രമതി, കെ.വി. സാവിത്രി, വി. ഗൗരി, ടി. കാർത്ത്യായനി, ടി. സുമ, കെ.വി. ലേഖ, ടി.പി. രാധ, എൻ.വി. രമ, ടി.വി. ലക്ഷ്മി, എൻ. പ്രസീത തുടങ്ങിയവർ കൊയ്ത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |