കോഴിക്കോട്: താമരശേരി രൂപത മുൻ അദ്ധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഇന്നലെ വൈകിട്ട് 6.45ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് രാവിലെ 6.30ന് ആയിരുന്നു അദ്ദേഹത്തെ വെള്ളിമാടുകുന്നിലെ നിർമ്മലഗിരി ആശുപത്രിയിൽ പ്രവേശിച്ചത്.
1997 ഫെബ്രുവരി 13 മുതൽ 13 വർഷം താമരശേരി രൂപത അദ്ധ്യക്ഷനായിരുന്നു. 2010 ഏപ്രിൽ എട്ടിന് സ്ഥാനം ഒഴിഞ്ഞു. പത്ത് വർഷമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ കുഞ്ഞായി ദമ്പതികളുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7നായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951ൽ മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായി. തേവര എസ്.എച്ച് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് നേടി. 1953ൽ സെമിനാരിയിൽ ചേർന്നു.1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിന് ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബൻ സർവകലാശാലയിൽ ചേർന്നു.
1961 ഒക്ടോബർ 18ന് മാർ മാത്യു കാവുകാട്ടിൽ നിന്ന് റോമിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിലെ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1966 ൽ തിരിച്ചെത്തി ആളൂർ, വെള്ളാച്ചിറ എന്നീ ഇടവകകളിൽ അസി.വികാരിയായി. 19671971 കാലത്ത് വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1971 ൽ കുണ്ടുകുളം പിതാവിന്റെ ചാൻസലറായി നിയമിതനായി. 1978 മുതൽ 88 വരെ തൃശൂർ അതിരൂപതയുടെ വികാരി ജനറൽ ആയിരുന്നു. 1986ൽ മാർപാപ്പ തൃശൂർ സന്ദർശിച്ചപ്പോൾ ഒരുക്കങ്ങളുടെ ചുമതലക്കാരനുമായി. 1988 ൽ സീറോ മലബാർ വിശ്വാസികൾക്കവേണ്ടി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. പത്ത് വർഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു. തുടർന്നാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്. അൽഫോൻസാ ഭവനിൽ എത്തിച്ച ഭൗതിക ശരീരം ഇന്ന് രാവിലെ 8.30 ന് പ്രാർത്ഥനയ്ക്ക് ശേഷം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. നാളെ രാവിലെ 11 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.
സഹോദരങ്ങൾ: പരേതരായ ഐപ്പ് ചിറ്റിലപ്പിള്ളി (റിട്ട. മജിസ്‌ട്രേട്ട്), ഫാ.ജോർജ്ജ് ചിറ്റിലപ്പിള്ളി, സിസ്റ്റർ ബർണാഡ് റീത്ത (ക്ലാരമഠം), അച്ചായി ജോസഫ്, ബ്രിജിത്ത് സെൻസിലാവോസ്. ആന്റണി (റിട്ട. ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകൻ), സിസ്റ്റർ ഇൽഡഫോൺസ്(മണ്ണൂത്തി, കണ്ണാറ ക്ലാരമഠം സുപ്പീരിയർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |