ചെറുവത്തൂർ: തൂപ്പുകാരിയായി ജോലി ചെയ്തു വരുന്നതിനിടയിൽ അദ്ധ്യാപികയായി "ക്ലാസ് കയറ്റം" കിട്ടിയ യുവതിയും കുടുംബവും ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചായസൽക്കാരത്തിൽ പങ്കെടുക്കും. ചെറുവത്തൂർ കാട്ടുതലയിലെ ആർ.ജെ. ലിൻസയും ഭർത്താവ് സുധീരൻ മയ്യിച്ച, മക്കളായ സോനിൽ, സംഘമിത്ര എന്നിവരുമാണ് ഇന്ന് വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ഗവർണറുടെ ചായസൽക്കാരത്തിൽ അതിഥികളായി പങ്കെടുക്കുന്നത്.
അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ ശുചീകരണ ജോലിക്കാരിയായ ലിൻസ അതേ സ്കൂളിൽത്തന്നെ അദ്ധ്യാപികയായി ചാർജെടുത്ത സംഭവം ദേശീയ മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയതോടെയാണ് ഗവർണ്ണറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആദരസൂചകമായി രാജ്ഭവനിലേക്ക് ചായസൽക്കാരത്തിന് ക്ഷണിച്ചു. സൗകര്യപ്രദമായൊരു ദിവസം തന്നെ നേരിട്ടുവന്ന് കാണാനാണ് ഗവർണർ അന്ന് നിർദ്ദേശം നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങൾക്കുശേഷം ഇന്നു വൈകീട്ട് 5.20ന് രാജ്ഭവനിൽ എത്തിച്ചേരാനുള്ള പ്രത്യേക നിർദ്ദേശം ലിൻസയെ തേടിയെത്തിയത്.
കഠിനാദ്ധ്വാനമാണ് ലിൻസ ഇതുവരെയെത്തിയതിന്റെ ഉള്ളടക്കം. ഗവർണറുടെ ക്ഷണം ലഭിച്ചത് വലിയൊരു അംഗീകാരമായും കാണുന്നു ഈ കുടുംബം. ഇഖ്ബാൽ സ്കൂളിലെ സംസ്കൃതം അദ്ധ്യാപകനായിരുന്ന കോഴിക്കോട് പേരാമ്പ്രയിലെ കെ.കെ.രാജനായിരുന്നു ലിൻസയുടെ പിതാവ്. സർവ്വീസിലിരിക്കെ അദ്ദേഹം മരിച്ചതിനെ തുടർന്നാണ് അതേസ്കൂളിൽ മകളായ ലിൻസയ്ക്ക് തൂപ്പുകാരിയായി ആശ്രിത നിയമനം ലഭിച്ചത്. ജോലിക്കിടയിൽ ലിൻസ ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബി.എഡും സെറ്റും ലൈബ്രറി സയൻസിൽ ബിരുദവും നേടി .അപ്പോഴേക്കും തൂപ്പ് ജോലി സ്ഥിരപ്പെട്ടു. ഉന്നത യോഗ്യതകൾ ഉണ്ടായിട്ടും സ്കൂളിലെ ശുചീകരണ ജോലിയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സ്കൂൾ മാനേജ്മെന്റ് അദ്ധ്യാപികയായി ലിൻസയ്ക്ക് നിയമനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |