തിരുവനന്തപുരം: ആരും ശല്യപ്പെടുത്തരുത്. ഓൺലൈൻ പഠനത്തിരക്കിലാണ് ഈ 'മുത്തശ്ശിക്കുട്ടികൾ' .ഒരാൾക്ക് പ്രായം 106..മറ്റേയാൾക്ക് 98. എഴാം ക്ലാസിന്റെ കടമ്പ കടക്കാനുള്ള ശ്രമത്തിലാണ്. ഇവരെ സാക്ഷര കേരളം അറിയും കേന്ദ്ര ബഹുമതിയായ നാരീശക്തി പുരസ്കാരം നേടിയ ഭാഗീരഥി അമ്മയും കാർത്ത്യായനി അമ്മയും.
ലാപ് ടോപ്പിലാണ് ആലപ്പുഴ മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ കാർത്ത്യാനിഅമ്മയുടെ (98)പഠനം. 'അക്ഷരലക്ഷം' സാക്ഷരതാ പരീക്ഷയിൽ 100-ൽ 98 മാർക്ക് നേടി ഒന്നാം റാങ്കോടെ വിജയിച്ചതിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ലാപ്‌ടോപ്പ് സമ്മാനിച്ചത്. സ്മാർട്ട് ഫോണിൽ നോക്കിയാണ് കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ (106) പഠിക്കുന്നനത്. കൊച്ചുമക്കളുടെ ബഹളത്തിൽ നിന്നും രക്ഷപ്പെടാൻ അധ്യാപിക ഷേർളിയെയും കൂട്ടി കതകടച്ചിരുന്നാണ് പഠനം.
എട്ട് മാസമാണ് ഏഴാംതരം തുല്യതാകോഴ്സ് കാലാവധി. ഇതു വിജയിച്ചാൽ ഇരുവർക്കും സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാകോഴ്സിൽ ചേരാം. പത്ത് പാസാണ് ലക്ഷ്യം. കാർത്ത്യായനി അമ്മയ്ക്ക് ലാപ്ടോപ് ഉപയോഗിക്കാൻ പഠിപ്പിച്ചത് അദ്ധ്യാപിക സതി.പാഠഭാഗങ്ങൾ സാക്ഷരതാമിഷൻ വെബ്‌സൈറ്റിലുണ്ട്. സാക്ഷരതാമിഷന്റെ 'അക്ഷരം' യൂ ട്യൂബ് ചാനൽ വഴിയുള്ള അദ്ധ്യാപകരുടെ ലളിതമായ പാഠഭാഗ വിവരണങ്ങളും ഏറെ കൗതുകത്തോടെയാണ് ഇരുവരും കേട്ടിരിക്കുന്നത്. പ്രധാന വിവരങ്ങൾ നോട്ട് ബുക്കിൽ കുറിക്കും.ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് എട്ടിന് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഇരുവർക്കും രാഷ്ട്രപതി നാരീശക്തി പുരസ്‌കാരം സമ്മാനിച്ചത്.
'കൊവിഡ് കാലത്ത് സാക്ഷരാതമിഷന്റെ പ്രവർത്തനവും ഓൺലൈൻ വഴിയാണ്. തുല്യതാ പഠനത്തിനുള്ള പാഠഭാഗങ്ങളുടെ സോഫ്റ്റ്‌കോപ്പികൾ പ്രേരക്മാർ മുഖേന പഠിതാക്കൾക്ക് അയച്ചുകൊടുക്കുന്നുണ്ട്".
- ഡോ. പി.എസ്. ശ്രീകല,
ഡയറക്ടർ, സാക്ഷരതാമിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |