കൊല്ലം: പൂയപ്പള്ളിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഡോക്ടറുടെ പഴയ സുഹൃത്തായിരുന്ന കൊല്ലം പട്ടത്താനം സ്വദേശി പ്രഭുവാണ് പിടിയിലായത്. പൂയപ്പളളി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ദന്തഡോക്ടറുടെ ആറുപവൻ സ്വർണവും 10,500 രൂപയും അപഹരിച്ച സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തെപ്പറ്റി പൂയപ്പള്ളി പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ അഞ്ച് വർഷമായി ഡോക്ടറും പ്രഭുവും പരിചയക്കാരാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് രാത്രി പന്ത്രണ്ട് മണിയോടെ വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചെത്തിയ പ്രഭു പണം ആവശ്യപ്പെട്ടു. പണം നൽകാൻ സാദ്ധ്യമല്ലെന്ന് വെളിപ്പെടുത്തിയതോടെ കുപിതനായ ഇയാൾ ഡോക്ടറുടെ കാറുമായി കടന്നു. അൽപ്പസമയത്തിനകം എവിടെയോ ഇടിച്ച് ഒരുവശം പൂർണമായും തകർത്ത കാർ തിരിച്ചെത്തിച്ച ഇയാൾ വീട്ടിനുള്ളിലെത്തി കമ്പി വടിക്ക് ഡോക്ടറെ അടിച്ചുവീഴ്ത്തി . കാലിലും ഇടതുകൈയ്യിലും അടിയേറ്റ് ഡോക്ടർ നിലത്ത് വീണതോടെ ബാഗിലുണ്ടായിരുന്ന ആറുപവന്റെ മാലയും 10,500 രൂപയുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് ഡോക്ടർ പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രഭുവിനെ അറസ്റ്ര് ചെയ്ത് റിമാൻഡ് ചെയ്ത പൊലീസ് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി. പൂയപ്പള്ളി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |