ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് ജൂലായ് 27ന് എത്തിച്ച അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ന് അംബാലയിലെ വ്യോമസേനാ താവളത്തിലെ 'ഗോൾഡൻ ആരോസ് 17-ാം സ്‌ക്വാഡ്രന്റെ ഭാഗമാകും.
അംബാലയിലെ വ്യോമത്താവളത്തിൽ പരമ്പരാഗതമായ 'ജല പീരങ്കി അഭിവാദ്യം" നൽകിയാണ് റാഫേൽ വിമാനങ്ങളെ ആചാരപരമായി അനാച്ഛാദനം ചെയ്യുക. ഇതിനൊപ്പം പരമ്പരാഗത 'സർവ ധർമ്മ പൂജയുമുണ്ടാകും. തുടർന്ന് റാഫേൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, 'സാരംഗ് എയറോബാറ്റിക് ടീം' പ്രകടനവും അരങ്ങേറും.
ചടങ്ങ് വീക്ഷിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലിയും അംബാലയിലെത്തും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ. എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസനസെക്രട്ടറിയും ഡി.ആർ.ഡി.ഒ. ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കും. ചടങ്ങിനെത്തുന്ന ഫ്രഞ്ച് പ്രതിരോധ വ്യവസായ മേഖലയിലെ ഉന്നതതല പ്രതിനിധി സംഘവും ഇന്ത്യൻ സംഘവുമായി ചർച്ചയും
നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |