അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുകയെന്നത് ഒരു നാഴികക്കല്ലാണ്. പ്രത്യേകിച്ച് വെള്ളിയാഴ്ചകൾ തോറും നായികാമുഖങ്ങൾ മാറിക്കൊണ്ടേയിരിക്കുന്ന മലയാളത്തിന്റെ വെള്ളിത്തിരയിൽ.
ഷീലയെയും ശാരദയെയും ജയഭാരതിയെയും ഉർവ്വശിയെയും ശോഭനയെയും പോലെ വലിയൊരുകാലം മലയാളി നെഞ്ചേറ്റിയ ഒരേയൊരു നായികയെ പുതിയ കാല മലയാള സിനിമയിലുള്ളൂ; ലേഡി സൂപ്പർ സ്റ്റാറെന്ന് മലയാളി സ്നേഹാവേശങ്ങളോടെ ആദ്യമായി വിളിച്ച നായിക; മഞ്ജുവാര്യർ.
വിവാഹത്തെ തുടർന്ന് വിട്ടുനിന്ന ചില വർഷങ്ങൾ മാറ്റിനിറുത്തിയാൽ അഭിനയിച്ചുതുടങ്ങിയ കാലംമുതൽ ഇന്നുവരെ മഞ്ജുവിനോടുള്ള മലയാളിയുടെ ഇഷ്ടം കൂടിയിട്ടേയുള്ളൂ; തെല്ലും കുറഞ്ഞിട്ടില്ലെന്നതാണ് നേര്.
വിസ്മയ പ്രകടനങ്ങളിലൂടെ മലയാളത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച ഇൗ അതുല്യ പ്രതിഭയ്ക്ക് ഇന്ന് നാല്പത്തിരണ്ട് വയസ് തികയുകയാണ്.
കണ്ട കാഴ്ചകളേക്കാൾ മധുരവും സുന്ദരവുമായിരിക്കും മഞ്ജുവിന്റേതായി വരാനിരിക്കുന്ന സിനിമാകാഴ്ചകളെന്നത് മഞ്ജുവെന്ന അഭിനേത്രിയുടെ റേഞ്ച് അറിയുന്ന ആരും നൂറുവട്ടം സമ്മതിക്കും.
മഞ്ജുവാര്യരുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്ന് കേരളകൗമുദി എക്സ്റ്റൻഡ് ഇ പേപ്പർ അഞ്ച് പേജുകളിലായി മഞ്ജുവിനുള്ള ആദരമൊരുക്കുകയാണ്.
തന്റെ പ്രിയപ്പെട്ട അനുജത്തിയെക്കുറിച്ച് സഹോദരൻ മധുവാര്യരുടെ സംഭാഷണം , മഞ്ജുവാര്യരുമായുള്ള അഭിമുഖം,മഞ്ജുവിന്റെ വിശേഷങ്ങൾ,മഞ്ജുവിന്റെ സ്റ്റൈൽ, മഞ്ജു അഭിനയിച്ച സിനിമകളുടെ സമ്പൂർണ ലിസ്റ്റുമൊക്കെ ഇൗ പേജുകളിൽ വായിക്കാം. സീനിയർ സംവിധായകരുടെയും പുതുമുഖ സംവിധായകരുടെയും സിനിമകളിൽ താൻ ഒരേ ആവേശത്തോടെയാണ് അഭിനയിക്കുന്നതെന്നും തിരക്കഥ ഇഷ്ടമാകുകയെന്നതാണ് ആദ്യത്തെ കാര്യമെന്നും മഞ്ജു പറയുന്നതും സ്പെഷ്യൽ പേജുകളിൽ വായിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |