തിരുവനന്തപുരം:തുടർച്ചയായി പെയ്ത കനത്ത മഴയിൽ ജില്ലയിലുടനീളം വ്യാപക നാശനഷ്ടമുണ്ടായി. അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം.അഞ്ചുതെങ്ങ് സ്വദേശി തങ്കച്ചൻ ഏലിയാസ് (55),കടയിൽപുരയിടം സ്വദേശി അലക്സ് (47), മാടൻവിളാകം സ്വദേശി പ്രവീൺ (33) എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.മീൻപിടിത്തം കഴിഞ്ഞ് തീരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.അഞ്ചംഗ സംഘത്തിലെ രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.ഇന്നലെ പുലർച്ചെ തുടങ്ങിയ കനത്ത മഴയ്ക്ക് ഉച്ചയോടെയാണ് അല്പം ശമനമുണ്ടായത്.പിന്നീട് വൈകിട്ടോടെ ശക്തിപ്രാപിച്ച മഴ രാത്രി വൈകിയും തുടർന്നു.ഗ്രാമീണ മേഖലകളിൽ മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റും വീശിയതോടെ മരങ്ങൾ കടപുഴകി.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിലായി.മഴ കനത്തതോടെ കരമന,കിള്ളിയാറുകളിലെ വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചു.തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമായി. മഴ ശക്തമായത് കാൽനട, ഇരുചക്രവാഹന യാത്രക്കാരെയും വലച്ചു. പൂജപ്പുര ചട്ടമ്പിസ്വാമി നഗറിൽ നിറുത്തിയിട്ടിരുന്ന കാറിനു മുകളിൽ മരണം വീണു.തൃക്കണ്ണാപുരത്ത് മതിൽ ഇടിഞ്ഞ് ഷെഡിൽ നിറുത്തിയിട്ടിരുന്ന കാർ തകർന്നു. അമ്പലത്തറയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ രണ്ടു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മുട്ടത്തറ പൊന്നറ യു.പി സ്‌കൂളിൽ തുടങ്ങിയ ക്യാമ്പിൽ അഞ്ചു കുടുംബങ്ങളെ മാറ്രിപ്പാർപ്പിച്ചു. ഉപ്പിടാംമൂട്-തകരപ്പറമ്പ് റോഡ്,ചാല കമ്പോളം, അട്ടക്കുളങ്ങര,കിള്ളിപ്പാലം,കല്ലാട്ടുമുക്ക്, കമലേശ്വരം.കരിമഠം കോളനി.തമ്പാനൂർ, പുത്തൻപാലം ബണ്ടുകോളനി,മെഡിക്കൽ കോളേജ് നീരാഴി ലെയിൻ, കരമന യമുനാ നഗർ,വെങ്ങാനൂർ,കുന്നുകുഴി മൂലവിളാകം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ജില്ലയിൽ മൂന്നു വീടുകൾ ഭാഗികമായി തകർന്നു. കടലേറ്റം രൂക്ഷമായ പൂന്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ്, വർക്കല പ്രദേശങ്ങളിൽ നൂറോളം വീടുകളിൽ വെള്ളം കയറി.ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.വരുന്ന അഞ്ചുദിവസവും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രത്യേക കൺട്രോൾ റൂം
നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി കൺട്രോൾ റൂമിന് പുറമെ 25 അംഗ റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. ഹെൽത്ത് സർക്കിൾ ഓഫീസുകളിൽ 24 മണിക്കൂറും ജീവനക്കാർ ഉണ്ടാകും: ഫോൺ നമ്പറുകൾ:9496434488,9947143605
കടലിൽ പോകരുത്
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റുവീശാൻ സാദ്ധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരങ്ങളിൽ 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ശ്രീവരാഹം പറമ്പിൽ നഗറിൽ വെള്ളക്കെട്ട്
അശാസ്ത്രീയമായ റോഡ്-ഓട നിർമ്മാണത്തിന് പിന്നാലെ ശ്രീവരാഹം പറമ്പിൽ നഗറിൽ രൂക്ഷമായ വെള്ളക്കെട്ടെന്ന് പരാതി. മുടമ്പ് ജംഗ്ഷൻ,ചേപ്പിൽ ലെയിൻ,കാവലോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഓട നിർമ്മാണത്തിലെ അപാകത കാരണം ഒഴുക്ക് തടസപ്പെട്ട് ഡ്രെയിനേജ് മാലിന്യമടക്കം വീടുകളിലേക്ക് ഒഴുകുന്നതായാണ് നാട്ടുകാരുടെ പരാതി.
ഓടി എത്തി ഫയർഫോഴ്സ്
നഗരത്തിൽ ഇരുപതിടത്ത് മരം വീണ് നാശനഷ്ടമുണ്ടായതായി അഗ്നിശമന സേന ചെങ്കൽച്ചൂള യൂണിറ്റ് അറിയിച്ചു. നന്ദൻകോട്, ജവഹർനഗർ,വെള്ളയമ്പലം,പൂജപ്പുര, ചൂഴംപാല,ശാന്തിനഗർ, വടേക്കാട്, മേലാറന്നൂർ, പാളയം ലൈബ്രറിക്ക് സമീപം, മാഞ്ഞാലിക്കുളം,കല്ലാട്ട് മുക്ക്, യമുനാ നഗർ, മുക്കോലയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപം, ചാല, ഉപ്പിടാംമൂട് എന്നിവിടങ്ങൾ മരം വീഴ്ചയും തീപിടിത്തവും വെള്ളക്കെട്ടുമടക്കമുള്ള അപകടങ്ങളും ഉണ്ടായി. ഫയർഫോഴ്സെത്തി മണിക്കൂറുകൾ എടുത്താണ് ഇവ പരിഹരിച്ചത്. ചാല ഗേൾസ് ഹൈസ്കൂളിന് സമീപം കൂറ്റം മരം നിലംപൊത്തി മൂന്ന് വൈദ്യുത പോസ്റ്റുകളും സ്കൂളിന്റെ മതിലും തകർന്നു. രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കിഴക്കേകോട്ടയിൽ പണിനടക്കുന്ന ഓടയുടെ സ്ലാബിൽ കാറിന്റെ ടയർ കുടുങ്ങി ചെളിയിൽ പുതഞ്ഞു. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ മതിൽ ഇടിഞ്ഞ് വാനിന് മുകളിൽ വീണു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |