ന്യൂഡൽഹി : ദ്രുത ആന്റിജൻ ടെസ്റ്റുകളിൽ ഫലം നെഗറ്റീവായാലും കൊവിഡ് ലക്ഷണമുണ്ടെങ്കിൽ ആർ.ടി പി.സി.ആർ പരിശോധന തന്നെ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാവരെയും പരിശോധിക്കണമെന്ന് അടുത്തിടെ ഐ.സി.എം.ആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ പരിശോധനാഫലം നെഗറ്റീവ് ആയാലും വ്യക്തിക്ക് പനി, ചുമ, ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർ.ടി പി.സി.ആർ പരിശോധന നടത്തണമെന്നാണ് പുതിയ നിർദ്ദേശം. ആന്റിജൻ പരിശോധന കഴിഞ്ഞ് മൂന്നുദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിച്ചാലും ആർ.ടി പി.സി.ആർ പരിശോധന നടത്തണം.
ദ്രുത ആന്റിജൻ പരിശോധനയിൽ നെഗറ്റീവായ, രോഗലക്ഷണങ്ങളുള്ള കേസുകൾ പരിശോധിക്കാതിരുന്നാൽ അവരുടെ സമ്പർക്കത്തിലൂടെ രോഗം പകരാം. ഇത് തടയാൻ ആർ.ടി.പി.സി.ആർ. പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റീവ് ഫലങ്ങൾ മുൻകൂട്ടി മനസിലാക്കി ക്വാറന്റൈൻ ചെയ്യാനും ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ഇത് സഹായിക്കും. പരിശോധന വർദ്ധിപ്പിക്കാനും വ്യാപകമാക്കാനും ദ്രുത ആന്റിജൻ പരിശോധനകൾ ഉപയോഗിക്കുമ്പോൾ തന്നെ മുഖ്യ പരിശോധനയായി അടി ആർ.റ്റി.പി.സി.ആർ. തുടരും.
ഇക്കാര്യങ്ങൾക്കായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തരമായി നിരീക്ഷണ സംവിധാനം (ഒരു ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഒരു സംഘം) ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ആന്റിജൻ ടെസ്റ്റ് ചെലവുകുറഞ്ഞതും വേഗത്തിൽ ഫലം ലഭിക്കുന്നതുമാണ്. എന്നാൽ തെറ്റായ ഫലം ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അടുത്തിടെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |