തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ലെന്നും, എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ആവശ്യമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കള്ളക്കടത്ത്, മയക്കുമരുന്ന് കേസുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കിയതും, പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ തകർത്തിരിക്കുകയാണ്. സി.പി.എമ്മിനും എൽ.ഡി.എഫിനും ജനവിശ്വാസം നഷ്ടപ്പെട്ടു. യു.ഡി.എഫിനും പരാജയഭീതിയാണ്. കോൺഗ്രസിനകത്തെ നേതൃത്വ പ്രശ്നങ്ങളും കേരള കോൺഗ്രസ് മുന്നണിയിൽ നിന്നു വിട്ടുപോയതും യു.ഡി.എഫിനകത്തെ തമ്മിലടിയുമാണ് കാരണം. ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യു.ഡി.എഫിന്റെ നിലപാട് വിചിത്രമാണ്. തിരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്.
ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കണം. എ.കെ.ജി സെന്ററിന്റെയും സർക്കാരിന്റെയും മറ പിടിച്ച് എല്ലാ തട്ടിപ്പുകളും നടത്തിയ ബിനീഷ് കോടിയേരി, കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതുകൊണ്ടാണ് വലയിലായത്. രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണൻ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.