സ്റ്റോപ്പുകൾ നിറുത്തിയാൽ യാത്രാക്ളേശം
കൊല്ലം: ലാഭകരമല്ലാത്ത ട്രെയിൻ സർവീസുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം ജനങ്ങളുടെ പോക്കറ്റ് ചോർത്തും. ഇതോടൊപ്പം യാത്രാക്ളേശവും രൂക്ഷമാക്കും. കൊവിഡിനെ തുടർന്ന് വരുമാനം കുറഞ്ഞതാണ് കേരള എക്സ്‌പ്രസ്, നേത്രാവതി, ശബരി, ജയന്തി ജനത, ഐലൻഡ്, കൊച്ചുവേളി - മൈസുരു, ഏറനാട്, ഇന്റർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ റദ്ദാക്കുന്നതിന് കാരണം.
ജില്ലയിലെ ചെറുതും വലതുമായ റെയിൽവേ സ്റ്റേഷനുകളുടെ വികസനവും ഇതോടെ വഴിമുട്ടും. ബസ് ചാർജ് വർദ്ധനയെ തുടർന്ന് സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും നിത്യവും ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. ജില്ലയുടെ രണ്ടറ്റമായ കരുനാഗപ്പള്ളി മുതൽ പരവൂർ വരെയുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകളെ ആശ്രയിച്ചാണ് സർക്കാർ ജീവനക്കാരും മറ്റും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ഭാഗങ്ങളിൽ ജോലിക്ക് പോയിരുന്നത്. മലബാർ മേഖലകളിലേക്കുള്ള ട്രെയിനുകളുടെ സ്റ്റോപ്പ് റദ്ദാക്കൽ കൊല്ലം ഒഴികെയുള്ള ജില്ലയിലെ മറ്ര് സ്റ്രേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാരെ ദുരിതത്തിലാക്കും.
ആശ്വാസമാവില്ല മാവേലി
കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്കും തിരിച്ചും യാത്രയ്ക്ക് ആശ്രയിച്ചിരുന്ന ട്രെയിനാണ് പരശുറാമും മാവേലിയും. പുലർച്ചെ തിരുവനന്തപുരത്തേക്ക് ജോലിക്ക് പോകേണ്ടവരും മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവിടങ്ങളിൽ പോകേണ്ട രോഗികൾക്കും ആശ്വാസമായിരുന്ന ട്രെയിനായിരുന്നു മാവേലി.
ട്രെയിനുകളും ജില്ലയിൽ വെട്ടിക്കുറച്ച സ്റ്റോപ്പുകളും
തിരു. - ലോക്‌മാന്യതിലക് നേത്രാവതി - കരുനാഗപ്പള്ളി
കന്യാകുമാരി - മുംബയ്, ജയന്തിജനത - കരുനാഗപ്പള്ളി, പരവൂർ
തിരുവനന്തപുരം- ഹൈദരാബാദ് ശബരി- കരുനാഗപ്പള്ളി
കന്യാകുമാരി- ബംഗളൂരു, ഐലന്റ് - പരവൂർ, ശാസ്താംകോട്ട
നാഗർകോവിൽ - മംഗലാപുരം, പരശുറാം - പരവൂർ, ശാസ്താംകോട്ട
തിരു. - ഗുരുവായൂർ, ഇന്റർസിറ്റി - മയ്യനാട്
എറണാകുളം - തിരുവനന്തപുരം, വഞ്ചിനാട് - കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂർ
തിരു. - മംഗലാപുരം, മാവേലി - കരുനാഗപ്പള്ളി
തിരു. - മംഗലപുരം എക്സ്‌പ്രസ്- മയ്യനാട്
പുനലൂർ- ഗുരുവായൂർ- കുര, കിളികൊല്ലൂർ, പെരിനാട്
കൊല്ലം - വിശാഖപട്ടണം- ശാസ്താംകോട്ട
''
നഷ്ടത്തിന്റെ പേരിൽ ട്രെയിനുകൾ റദ്ദാക്കാനും ദീർഘദൂര സർവീസുകൾ നിറുത്താനുമുള്ള റെയിൽവേയുടെ തീരുമാനം നീതികരിക്കാനാവില്ല. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡിനും ഇ - മെയിൽ വഴി നിവേദനം നൽകി. 14ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
''
ദിവസവും കിലോമീറ്ററുകൾ താണ്ടി ജോലിക്ക് പോകേണ്ടിവരുന്നവരെയും ദീർഘദൂര യാത്രക്കാരെയും ദോഷകരമായി ബാധിക്കുന്നതാണ് റെയിൽവേയുടെ തീരുമാനം. കൊവിഡ് കാലത്ത് ലാഭം നോക്കി സർവീസ് നടത്താനുള്ള റെയിൽവേയുടെ തീരുമാനം പ്രതിഷേധാർഹമാണ്.
വി. ഉല്ലാസ് കുമാർ
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |