തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ പിയുടെ ബി ടീമാണ് കോൺഗ്രസെന്ന് വീണ്ടും തെളിയിച്ചു.
മന്ത്രി ജലീലിൽ നിന്നു വിവരംതേടിയത് ഡൽഹിയിൽ ഇ.ഡി മേധാവി പരസ്യപ്പെടുത്തിയത് അസാധാരണമാണ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റടക്കമുള്ള അന്വേഷണ ഏജൻസികളെ ബി.ജെ.പിയുടെ രാഷ്ട്രീയാവശ്യങ്ങൾക്കായി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ഇത്രയും കാലം കുറ്റപ്പെടുത്തിയത് മറക്കരുത്.
രാജസ്ഥാൻ ഗതാഗത മന്ത്രി പ്രതാപ് സിംഗിനെ ആഗസ്റ്റിൽ ഏഴു മണിക്കൂർ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എം.എൽ.എമാരെയും ഇ.ഡി അടക്കമുള്ള ഏജൻസികൾ വേട്ടയാടിയെന്ന് നിയമസഭയിൽ പറഞ്ഞത് കോൺഗ്രസ് നേതാവായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ്. എൻഫോഴ്സ്‌മെന്റ് ചുമത്തിയ കേസിൽ റിമാൻഡിലായ ശിവകുമാറിനെ ജയിൽ മോചിതനായപ്പോൾ കർണാടക പി.സി.സി പ്രസിഡന്റാക്കി. റോബർട്ട് വധേരയെ 12 പ്രാവശ്യമായി 70 മണിക്കൂറിലധികവും അഹമ്മദ് പട്ടേലിനെ നാലു തവണയായി 25 മണിക്കൂറിലധികവും ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്.
സ്വർണക്കടത്ത് എത് ഏജൻസിയും അന്വേഷിച്ചോട്ടെയെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്.
എന്നാൽ, നയതന്ത്ര ബാഗേജുകൾ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ തയ്യാറാകാത്തത് ദുരൂഹമാണ്. ബി.ജെ. പി അനുകൂല ചാനലിന്റെ കോ ഓർഡിനേറ്റിംഗ് എഡിറ്ററെ ചോദ്യം ചെയ്തെങ്കിലും തുടർനടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലെ മാറ്റവും സംശയമുണർത്തുന്നു.
പ്രതിചേർക്കപ്പെട്ട ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ വിദേശ മന്ത്രാലയവും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ രാജ്യദ്രോഹക്കുറ്റമാരോപിച്ച കേസിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |