തിരുവനന്തപുരം: വയോജനങ്ങൾക്ക് തുണയേകാൻ മൊബൈൽ മെഡിക്കൽ സംഘങ്ങളെ സജ്ജമാക്കി സാമൂഹ്യ സുരക്ഷാ മിഷന്റെ കരുതൽ. കൊവിഡ് പശ്ചാത്തലത്തിൽ വൈദ്യസഹായം ആവശ്യമുള്ളവർക്ക് വീട്ടിലെത്തി ചികിത്സ നൽകുക, മാനസിക പിരിമുറുക്കമുള്ളവർക്ക് കൗൺസലിംഗ് നൽകുക, വയോജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ജില്ലയിലെ മൂന്ന് ലക്ഷത്തോളം വയോജനങ്ങളെ ഫോണിൽ ബന്ധപ്പെട്ടാണ് സേവനങ്ങൾ നൽകുന്നത്. ലോക്ക് ഡൗൺ കാലത്ത് അങ്കണവാടി ജീവനക്കാർ ശേഖരിച്ച ഫോൺ നമ്പരുകൾ വഴി വയോജനങ്ങളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ആവശ്യമുള്ളവർക്ക് കാൾ സെന്ററിൽ വിളിച്ചും സഹായം തേടാം.
വൈദ്യസഹായം ആവശ്യപ്പെടുന്നവർക്ക് വയോമിത്രത്തിന്റെ മെഡിക്കൽ സംഘം വീട്ടിലെത്തി ചികിത്സ നൽകും. ഇതിനായി എട്ട് മെഡിക്കൽ സംഘമാണ് ജില്ലയുടെ പല ഭാഗത്തായുള്ളത്. ഒരു ഡോക്ടർ,ഒരു നഴ്സ്,ഹെൽത്ത് ഓഫീസർ,ഡ്രൈവർ എന്നിങ്ങനെ നാലു പേരാണ് ഒരു സംഘത്തിലുള്ളത്.
കാൾ സെന്ററിൽ സോഷ്യോളജി,സൈക്കോളജി അദ്ധ്യാപകർ,ഐ.ഡി.ഡി.എസ് സൂപ്പർവൈസർമാർ, എം.എസ്.ഡബ്ളിയു വിദ്യാർത്ഥികൾ എന്നിവരടക്കം 20ലധികം സംഘമാണ് ഫോൺ കൈകാര്യം ചെയ്യുന്നത്. നിയമപരമായ സഹായം ആവശ്യമുള്ളവർക്ക് ആർ.ഡി.ഒ, പൊലീസ് എന്നിവരുമായി സഹകരിച്ച് സഹായമെത്തിക്കും. ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവ കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ വഴിയാണ് ഏകോപിപ്പിക്കുക. സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, കുടുംബശ്രീ, വനിതാശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വയോജന സെൽ രൂപീകരിച്ചത്. ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച കളക്ടറാണ് കാൾ സെന്റർ ഉദ്ഘാടനം ചെയ്തത്.
60ന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പുറത്തിറങ്ങാനാവില്ല. തനിച്ച് താമസിക്കുന്ന പ്രായമേറിയവർക്ക് മരുന്ന് അടക്കമുള്ള ആവശ്യങ്ങൾ മുടങ്ങരുതെന്ന ഉദ്ദേശ്യത്തിലാണ് പദ്ധതി ആരംഭിച്ചത്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് മാനസിക പിന്തുണ നൽകാൻ ടെലി കൗൺസലിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
- ഗിഫ്റ്റ്സൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ
ഈ നമ്പരിൽ വിളിക്കാം
0471 2778450
ജില്ലയിൽ ആകെയുള്ള വയോജനങ്ങൾ - 3 ലക്ഷത്തോളം
രാവിലെ ആറ് മുതൽ രാത്രി 10 വരെ വിളിക്കാം
സേവനത്തിന് വിവിധ ഭാഗങ്ങളിലായി എട്ട് മെഡിക്കൽ സംഘം
മരുന്ന് ആവശ്യമുള്ളവർക്ക് പി.എച്ച്.സികൾ വഴി മരുന്ന്
കൗൺസലിംഗ് ആവശ്യമുള്ളവർക്കായി പ്രത്യേക സംഘം
കാളുകൾ സ്വീകരിക്കാൻ 20 ലധികം വോളന്റിയർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |