പാലക്കാട് ഡിവിഷനിൽ കൂടുതൽ മെമു സർവീസ് ഉടൻ യാഥാർത്ഥ്യമാകും
പാലക്കാട്: ഡിവിഷന് കീഴിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡ് വിപുലീകരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. 20 റേക്കുകൾ ഒരേസമയം അറ്റകുറ്റപ്പണി നടത്താൻ കഴിയുന്ന തരത്തിൽ ഷെഡ് വികസിപ്പിക്കാൻ 14.9 കോടിയുടെ പദ്ധതിയാണ് ഈ ഘട്ടത്തിൽ നടപ്പാക്കുക.
ഇതോടെ കോയമ്പത്തൂർ- മംഗലാപുരം, കോയമ്പത്തൂർ- എറണാകുളം റൂട്ടിൽ 12 റേക്കുള്ള മെമു സർവീസ് ആരംഭിക്കാനാകും. നിലവിൽ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന അഞ്ച് മെമുകളാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഇത് ഇരട്ടിയായി വർദ്ധിപ്പിക്കാനും അതുവഴി മെമു സർവീസുകളുടെ എണ്ണം കൂട്ടാനും നവീകരണം പൂർത്തിയാകുന്നതോടെ സാധിക്കും. മെമു സർവീസ് കൂട്ടുന്നതിന് അധിക ബോഗികൾ എത്തിക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
വികസനത്തിന്റെ ഘട്ടങ്ങൾ
-------------------
"എട്ട് റേക്കിന്റെ പിറ്റ് ലൈനിൽ ഹെവി ലിഫ്‌റ്റിംഗ് ബേ, വാഷിംഗ് ലൈൻ എന്നിവയുടെ നിർമ്മാണം നടക്കുന്നു. പാലക്കാട്- പൊള്ളാച്ചി വൈദ്യുതീകരണം പൂർത്തിയായാൽ ഷൊർണൂർ- നിലമ്പൂർ പാതയിലും പ്രവൃത്തി ആരംഭിക്കും. ടൗൺ റെയിൽവേ സ്റ്റേഷൻ പിറ്റ് ലൈൻ പദ്ധതി സർവേ പൂർത്തിയായി. ഡിവിഷന് കീഴിൽ ട്രെയിൻ വേഗം 110 കി.മീ ആക്കി വർദ്ധിപ്പിക്കും."
-പ്രതാപ് സിങ് ഷമി, ഡിവിഷൻ മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |